സംസ്ഥാന സ്‌കൂൾ കലോത്സവം: ഒരുക്കം തുടങ്ങി

ആലപ്പുഴ: 59ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഒരുക്കം ആരംഭിച്ചു. സംഘാടകസമിതി രൂപവത്കരണ യോഗം ആലപ്പുഴ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബർ ഏഴുമുതൽ ഒമ്പതുവരെയാണ് കലോത്സവം. 14,000 കലാകാരികളും കലാകാരന്മാരും കലയുടെ ഉത്സവത്തിൽ മാറ്റുരക്കും. സ്റ്റേജിനങ്ങൾ മാത്രമാണ് സംസ്ഥാനതലത്തിൽ നടത്തുക. വലിയതോതിൽ ഉദ്ഘാടന-സമാപന സമ്മേളനങ്ങളും ട്രോഫിക്ക് സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല. 29 വേദികളിലായി 158 മത്സരയിനങ്ങളാണ് ഉണ്ടാവുക. ഇതിനായി 12 സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യ രക്ഷാധികാരികളും എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, തോമസ് ചാണ്ടി, യു. പ്രതിഭ, സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ എന്നിവർ രക്ഷാധികാരികളുമാണ്. സംഘാടക സമിതിയുടെ ചെയർമാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ധനമന്ത്രി ടി.എം. തോമസ് ഐസക്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ വൈസ് ചെയർമാന്മാരുമായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ വർക്കിങ് ചെയർമാനും നഗരസഭ ചെയർമാൻ തോമസ് ജോസഫ് വൈസ് വർക്കിങ് ചെയർമാനുമാണ്. ജില്ലയിലെ ജനപ്രതിനിധികൾ, സംഘടന ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വിപുല സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. മാത്യു, പൊതുവിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ ജിമ്മി കെ. ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.