ആലപ്പുഴ: സംസ്ഥാനത്തെ പ്രഥമ ഐഡിയൽ സ്‌കൂൾ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തം. വിദ്യാർഥികളുടെ പഠനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിെല രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് 'ഐഡിയൽ ലബോറട്ടറികൾ'. ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഒാരോ സ്‌കൂളിലാണ് ലബോറട്ടറി പ്രവർത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് ഐഡിയൽ ലാബുകൾ സജ്ജമാക്കുന്നത്. ലബോറട്ടറിയുടെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു. ഒമ്പത്, 10, 11, 12 ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി രൂപകൽപന ചെയ്ത സംരംഭം രാജ്യത്തുതന്നെ ആദ്യം പ്രവർത്തനമാരംഭിക്കുന്നത് കേരളത്തിലാണ്. ജില്ലയിെല മറ്റ് സ്‌കൂളിലെ വിദ്യാർഥികൾക്കുകൂടി ഇവിടം സന്ദർശിച്ച് പരീക്ഷണ -നിരീക്ഷണങ്ങൾ നടത്താൻ അവസരമൊരുക്കുന്ന ശാസ്ത്ര ഹബ്ബായും ലബോറട്ടറികൾ പ്രവർത്തിക്കും. പ്രോട്ടോടൈപ്പുകളും ത്രിമാനരൂപങ്ങളും നിർമിക്കാൻ ത്രീഡി പ്രിൻററുകൾ, ശാസ്ത്ര സാങ്കേതികവിദ്യകളെ നല്ല രീതിയിൽ പ്രദർശിപ്പിക്കാനും വിശകലനം ചെയ്യാനും കഴിയുന്ന ടച് സ്‌ക്രീൻ സ്മാർട്ട് പ്രൊജക്ഷൻ, ശബ്ദവീചികളും തരംഗാവർത്തിയും അളക്കുന്ന സോണോമീറ്റർ, ആകാശവിസ്മയങ്ങളെ നേരിൽ കണ്ട് മനസ്സിലാക്കാൻ റിഫ്ലക്ടർ ടെലിസ്‌കോപ്, മറ്റ് ആധുനിക ഉപകരണങ്ങൾ, മികച്ച ഇരിപ്പിടങ്ങൾ തുടങ്ങി ആധുനിക സാങ്കേതിക സജ്ജീകരണങ്ങളുള്ള ഫിസിക്‌സ് ലാബാണിത്. അന്താരാഷ്ട്ര നിലവാരത്തിൽ സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാെൻറ മേൽനോട്ടത്തിൽ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്) ആണ് പദ്ധതി നിർവഹണം പൂർത്തിയാക്കിയത്. ഹരിപ്പാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ ഒൻപത്,10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾക്ക് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.