കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാൻറിൽ മലിനജല സംസ്കരണ പ്ലാൻറ് നിർമിക്കാത്തതിന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച ഒരുകോടി രൂപ പിഴ ഒടുക്കേണ്ട സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇൗ സാഹചര്യത്തിലും പ്രശ്നം പരിഹരിക്കാൻ വ്യക്തമായ തീരുമാനം ഒന്നും സ്വീകരിക്കാൻ കഴിയാതെ കോർപറേഷെൻറ ഭരണനേതൃത്വം ഇരുട്ടിൽതപ്പുകയാണ്. പിഴത്തുകയിൽ 50 ലക്ഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും 50 ലക്ഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നൽകേണ്ടത്. ഇത്രയും ഗൗരവമായ വിഷയത്തിൽ തുടർ നടപടിക്ക് കൗൺസിൽ തീരുമാനവും സർക്കാറിെൻറ അംഗീകാരവും ആവശ്യമാണ്. എന്നാൽ, ഇത്തരത്തിലെ നടപടികളൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ. മിനിമോൾ പറയുന്നുണ്ടെങ്കിലും ഇതിെൻറ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താൻ അവർ തയാറായില്ല. വിധിക്കെതിരെ സുപ്രീംകോടതിയിൽ നഗരസഭക്ക് അപ്പീൽ പോകാമെങ്കിലും ഇതിന് മൂന്ന് കോടിയോളം രൂപക്കുള്ള ഗാരൻറി കെട്ടിവെക്കണം. ഇതിന് കോർപറേഷെൻറ ഉടമസ്ഥതയിലെ മൂന്ന് കോടിയുടെ വസ്തു ഈടുെവച്ച് അപ്പീലിന് പോകാനാണ് ആലോചന. ബ്രഹ്മപുരത്ത് തള്ളുന്ന മാലിന്യത്തിൽനിന്ന് പുറത്തേക്ക് വരുന്ന മലിനജലം സംസ്കരിക്കുന്നതിന് സംവിധാനങ്ങളൊരുക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. വർഷങ്ങൾ നീണ്ട പരാതിക്ക് വിലകൽപിക്കാതിരുന്നതോടെ നാട്ടുകാർ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹരിത ട്രൈബ്യൂണലിൽ കേസെത്തിയപ്പോഴും കോർപറേഷൻ മെല്ലെപ്പോക്ക് തുടർന്നു. രണ്ടുതവണ ബ്രഹ്മപുരത്ത് കമീഷൻ സന്ദർശനം നടത്തിയിട്ടും അധികൃതർ അനങ്ങിയില്ല. ഇത്തരത്തിലെ കോർപറേഷൻ അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കോർപറേഷനെ വലിയ ഉൗരാക്കുടുക്കിൽ കൊണ്ടുചെന്ന് എത്തിച്ചത്. പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ കൂട്ടായ തീരുമാനത്തിന് പ്രത്യേക കൗൺസിൽ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്തുനൽകിയിരുന്നു. എന്നാൽ, ഇതിനോടും നിഷേധ സമീപനമാണ് ഉണ്ടായതെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.