സപ്ലൈകോ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ

കൊച്ചി: വിപണിയിൽ മത്സരം മുറുകുമ്പോൾ പുതിയ കച്ചവട സാധ്യതകൾ പരീക്ഷിക്കുകയാണ് സംസ്ഥാന സിവിൽ സെപ്ലെസ് കോർപറേഷൻ. പനമ്പിള്ളി നഗറിലെ സപ്ലൈകോ പീപ്പിൾസ് ബസാറാണ് ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വീട്ടിലെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. 2000 രൂപക്കോ അതിനുമുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഡോർ ഡെലിവറിയുടെ സേവനം ലഭിക്കുക. മൂന്നുകിലോമീറ്റർ ചുറ്റളവിൽ സബ്സിഡിയോടുകൂടി ഉൽപന്നങ്ങൾ വീട്ടുപടിക്കലെത്തും. ഓർഡർ സ്വീകരിക്കുന്ന മുറക്ക് സ്റ്റോറിൽ ലഭ്യമായ സാധനങ്ങൾ ഒരുമണിക്കൂറിനകം ഉപഭോക്താവിന് എത്തിക്കുന്ന രീതിയിലാണ് സംവിധാനം. ഓട്ടോയിൽ എത്തിക്കുന്ന സാധനങ്ങൾക്ക് സർവിസ് ചാർജായി 20 രൂപയാണ് ഈടാക്കുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി സപ്ലൈകോ പനമ്പിള്ളി നഗറിലെ ഔട്ട്ലെറ്റ് വഴി ഹോം ഡെലിവറി സംവിധാനം ഒരുക്കിയത്. സ്റ്റോറിൽ നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ സൗകര്യം ഒരുക്കുന്നതിലൂടെ സബ്സിഡി, നോൺസബ്സിഡി ഉൽപന്നങ്ങളുടെ വിൽപന ഒന്നുപോലെ വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ പരീക്ഷണാർഥം നടപ്പാക്കിയ സംവിധാനം വിജയമെന്നുകണ്ടാൽ കേരളത്തിലെ മറ്റ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.