ഗുണ്ടസംഘം പിടിയിൽ

കളമശ്ശേരി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം പിടിയിലായി. വിവിധ സ്റ്റേഷനുകളിൽ കൊലപാതകമടക്കം നിരവധി കേസിലെ പ്രതിയും കൂനപറമ്പിൽ ആശാൻ, അരുൺ എന്നീ പേരുകളിലും അറിയപ്പെടുന്ന രാധാകൃഷ്ണൻ (36), കുന്നത്തേരി വടിവാൾ സുലൈമാൻ എന്ന സുലൈമാൻ (54), ഏലൂർ ബോസ്കോ കോളനി പുന്നൂസ് എന്ന ശരത് കുമാർ (24), വിടാക്കുഴ മൊട്ടക്കണ്ണൻ എന്ന സൂര്യ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ വാടാനപ്പള്ളി പട്ടിലങ്ങാടി ബദരിയ റോഡിൽ ഇപ്പോൾ കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം താമസിക്കുന്ന വടക്കേപ്പുറം മതിലകത്ത് വീട്ടിൽ ചിറക്കടിയിൽ അബ്ദുൽ സലാമിനെയാണ് (35) സംഘം മർദിച്ചത്. കർണാടകയിൽ പെരുമ്പാവൂർ സ്വദേശി ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസിന് കാണിച്ചു കൊടുത്തയാളെ ഗുണ്ടസംഘത്തിന് പിടിച്ചുകൊടുക്കാൻ സഹായിക്കാത്തതി​െൻറ പേരിലായിരുന്നു മർദനം. ഏലൂർ കുറ്റിക്കാട്ടുകരയിൽ ഒഴിഞ്ഞപറമ്പിൽ വിളിച്ചുവരുത്തി കമ്പിവടി കൊണ്ട് മർദിച്ചു. പിന്നീട് ബലമായി കാറിൽ കയറ്റി പാതാളത്തെ സ്വകാര്യ ബാറിലെത്തിച്ച് പുറത്തുപോകാൻ അനുവദിക്കാതെ ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട സലാം ഏലൂർ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം സബ് ഇൻസ്പെക്ടർ സനൽ, ഏലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നെൽസൺ ജോർജ്, എ.എസ്.ഐ ജയിംസ്, എ.എസ്.ഐ ജോസഫ് കടുത്തൂസ്, സീനിയർ സി.പി.ഒ സന്തോഷ്, സീനിയർ സി.പി.ഒ അരുൺ, സി.പി.ഒ സുരേഷ്, സി.പി.ഒ അജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.