ചെങ്ങന്നൂർ: പ്രളയത്തെ തുടർന്ന് വീടുകൾക്ക് നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള സർവേ അവസാന തീയതി കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിലിനെ സ്വന്തം വാർഡിലുള്ളവർ ഓഫിസിനുള്ളിൽ ഒന്നര മണിക്കൂർ തടഞ്ഞുവെച്ചു. മൊബൈൽ ആപ്പ് മുഖേന മറ്റു വാർഡുകളിൽ നേരത്തേ സർവേ പൂർത്തീകരിച്ചിരുന്നു. ജീവനക്കാർ തയാറായിട്ടും ചെയർമാൻ തെൻറ അസൗകര്യത്തെ തുടർന്ന് പലപ്പോഴും സർവേ മാറ്റിവെപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. വെള്ളിയാഴ്ച സർവേ പുനരാരംഭിച്ചപ്പോൾ അനുവദിച്ച സമയം കഴിഞ്ഞതിനാൽ സൈറ്റ് പ്രവർത്തനം സർക്കാർ നിർത്തിവെക്കുകയായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് നഗരസഭയിലെത്തി ചെയർമാൻ ജോൺ മുളങ്കാട്ടിലിനെ തടഞ്ഞുവെച്ചത്. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാം എന്ന ചെയർമാെൻറ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. വാർഡിൽ 250ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും സർവേ നടത്തിയിട്ടില്ല. സർവേ നടത്താത്ത വീടുകൾക്ക് നഷ്ടപരിഹാര തുക ലഭിക്കില്ല. സർവേ വീണ്ടും നടത്താൻ സർക്കാർ സൈറ്റ് തുറന്നുകൊടുത്തെങ്കിൽ മാത്രമേ അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുകയുള്ളു. പ്രളയസമയത്തും ശേഷവും ചെയർമാൻ സ്വന്തം വാർഡിൽ പോലും ഇറങ്ങിയിട്ടില്ലായെന്നും ദുരിതാശ്വാസത്തിനായി എത്തിച്ച സാധനങ്ങൾ ഓഫിസ് മുറിയിലും പാർട്ടി പ്രവർത്തകരുടെ വീട്ടിലും ഒരുമാസത്തോളം മാറ്റിവെച്ച് വിതരണം ചെയ്യാതിരുന്നതായും പരാതി ഉയർന്നിരുന്നു. സർക്കാർ കിറ്റ് വീടുകളിൽ എത്തിച്ചതിന് ഓട്ടോക്കൂലി വാങ്ങിയതായി നാട്ടുകാർ ആർ.ഡി.ഒയോടും കലക്ടറോടും പരാതിപ്പെട്ടിരുന്നു. പ്രളയം ഏറ്റവും അധികം ബാധിച്ച ചെങ്ങന്നൂർ നഗരസഭയിൽ എല്ലാ വാർഡുകളിലും കുറ്റമറ്റ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുമ്പോൾ തുടക്കം മുതൽ ചെയർമാെൻറ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. നഗരസഭ വലിയപള്ളി വാർഡായ 27ാം വാർഡ് നിവാസികൾ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രക്ഷോഭത്തിന് തയാറായത്. രാവിലെ 11 മുതൽ 12.30 വരെ ആയിരുന്നു ഉപരോധം. ആദ്യം നഗരസഭ സെക്രട്ടറി ജി. ഷെറിയെയും നാട്ടുകാർ തടഞ്ഞുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.