ഗതകാല പ്രൗഢിയിൽ മാധവപുരം ചന്ത

പണ്ടുകാലത്ത് ഓണാട്ടുകരക്കാർ ഏതുസാധനം വിൽക്കാനും വാങ്ങാനും പ്രധാനമായും ആശ്രയിച്ചിരുന്ന പൊതുമാർക്കറ്റായിരുന്നു താമരക്കുളം മാധവപുരം ചന്ത. ''വീട്ടിൽ വിത്തൂലികൾ വാങ്ങണോ, മാധവപുരത്ത് പോകണം''എന്നായിരുന്നു അന്ന് നാട്ടുകാർക്കിടയിലെ ചൊല്ല്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും മാധവപുരം ചന്തയിൽ കിട്ടുമായിരുന്നു... വിത്ത് മുതൽ പണിയായുധങ്ങൾ വരെ. ഓണാട്ടുകരയുടെ കർഷകമനസ്സിൽ രാജകീയ പ്രൗഢിയോടെ നിലനിന്നിരുന്ന ചന്ത അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ മൂലവും കർഷകരോടുള്ള അവഗണന മൂലവും നശിക്കുകയാണ്. രാജാവി​െൻറ കൈയൊപ്പോടെയാണ് മാധവപുരം ചന്തയുടെ പിറവി. വർഷങ്ങൾക്കുമുമ്പ് അന്നത്തെ ദിവാൻ പേഷ്കാർ ആയിരുന്ന മാധവ‌രയ്യരാണ് താമരക്കുളത്ത് പൊതുമാർക്കറ്റ് നിർമിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർഥം മാധവപുരം മാർക്കറ്റ് എന്ന് പേരിടുകയായിരുന്നു. അന്ന് തെക്കൻ കേരളത്തിലെ പ്രധാന കാർഷികമേഖലയാണ് ഓണാട്ടുകര. ഇവിടുത്തെ പ്രത്യേക വിളകൾക്ക് മുൻതൂക്കം കൊടുത്ത് നിർമിച്ച ചന്ത പിന്നീട് കർഷകരുടെ പ്രധാന മാർക്കറ്റായി മാറുകയും ചെയ്തു. പണിയായുധങ്ങളും കാർഷികവിളകളും വിൽക്കാനും വാങ്ങാനുമായി ഏവരും മാധവപുരം ചന്തയിലാണ് എത്തിയിരുന്നത്. ഇതോടെ താമരക്കുളത്തി​െൻറ മുഖച്ഛായ മാറ്റിമറിച്ച് മാധവപുരം മാർക്കറ്റ് ഓണാട്ടുകര കാർഷികമേഖലയുടെ തലസ്ഥാനമായി. കിഴങ്ങുവർഗങ്ങൾ, വെറ്റില, അടക്ക, ചങ്ങഴി, െകാട്ട, വട്ടി, പണിയായുധങ്ങൾ തുടങ്ങിയവയും മാധവപുരത്ത് ലഭ്യമായി. ആവശ്യക്കാരും വിൽപനയും ഏറിയതോടെ നിർമാണകേന്ദ്രങ്ങളും സമീപസ്ഥലങ്ങളിൽ ആരംഭിച്ചു. മുറ്റത്ത് നെല്ലുണക്കുന്ന ചിക്കുപായ, കിടക്കാൻ ഉപയോഗിക്കുന്ന മെത്തപ്പായ വരെ അക്കാലത്ത് മാധവപുരത്ത് ലഭിക്കുമായിരുന്നു. ഓരോ ഉൽപന്നങ്ങൾ വിൽക്കാൻ പ്രത്യേകസ്ഥാനങ്ങൾ നൽകിയിരുന്നു. ആലപ്പുഴക്ക് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നുവരെ കർഷകരും കച്ചവടക്കാരും മാധവപുരത്ത് എത്തുമായിരുന്നു. കൃഷി അൽപം പിന്നോട്ടുപോയതോടെ ചന്തയിലും തിരക്ക് കുറഞ്ഞു. രാജഭരണത്തിനുശേഷം ഗ്രാമപഞ്ചായത്തി​െൻറ ചുമതലയിലായി ചന്ത. ഒരുകാലത്ത് ഓരോ ചന്തദിവസവും ഉത്സവമായിരുന്നു. അധ്വാനത്തി​െൻറ ഫലം ചന്തയിലെത്തിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഓരോ കർഷക​െൻറയും മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ന് നാടൊട്ടുക്ക് കാർഷികവിപണികൾ വന്നതോടെ ചന്തയിലേക്ക് കർഷകർ എത്തുന്നത് വിരളമായി. എത്തുന്നവർക്ക് ന്യായവില കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമായി. ഇടനിലക്കാർ ചൂഷണം ചെയ്യുന്ന അവസ്ഥയായതോടെയാണ് കർഷകർ ചന്തയിൽനിന്ന് പിൻവലിയാൻ തുടങ്ങിയത്. ആദ്യകാലത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു ചന്ത. പിന്നീട് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സാധനങ്ങൾ എത്തിച്ചുതുടങ്ങി. ഇടനിലക്കാർ ഈ ദിവസങ്ങളിൽ സാധനങ്ങൾ വില കുറച്ച് വാങ്ങി ചന്ത ദിവസങ്ങളിൽ അമിതവിലയ്ക്ക് വിൽക്കുന്ന അവസ്ഥയായി. സമീപകാലത്ത് പഞ്ചായത്ത് ഇടപെട്ട് പഴയസ്ഥിതി പുനഃസ്ഥാപിച്ചു. പ്രൗഢിയിൽ അൽപം ഇടിവുവന്നെങ്കിലും മാധവപുരത്തി​െൻറ മികവ് ഇന്നും നിലനിൽക്കുന്നു. വിത്തും വിളകളും പണിയായുധങ്ങളും ഇപ്പോഴും ഇവിടെ കിട്ടും. പഴയകാലത്തെ ചന്തകളിൽ പലതും ഇല്ലാതാവുകയും നിലവിെല ചന്തകളിൽ തിരക്കൊഴിയുകയും ചെയ്തെങ്കിലും ഗ്രാമീണമേഖലയിൽ മാധവപുരം മാത്രം നിലനിൽക്കുന്നു. ഇന്നും വിവിധ സ്ഥലങ്ങളിൽനിന്ന് കർഷകരും കച്ചവടക്കാരും മാധവപുരത്ത് വരുന്നു. മറ്റെങ്ങും കിട്ടാത്ത പണിയായുധങ്ങളും കാർഷിേകാൽപന്നങ്ങളും ഇവിടെ ലഭിക്കുന്നതാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.