ചെങ്ങന്നൂർ: ജീവിത പരീക്ഷണങ്ങൾക്കിടയിൽ ഒന്നിനുപിറകെ മറ്റൊന്നായി രോഗങ്ങൾ അലട്ടുന്നതിനിടെ, പ്രളയവും. എല്ലാം തകർന്ന രമേശ് പുതുജീവിതത്തിനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചെങ്ങന്നൂർ താലൂക്കിലെ വെൺമണി സുകുമാര നിലയത്തിൽ വീട്ടിൽ 51 കാരനായ പി.എ.എസ് രമേശ് ആണ് സഹായം തേടുന്നത്. ചെറുപ്പം മുതൽ ആസ്ത്മ രോഗിയാണ്. കോളജ് വിദ്യാഭ്യാസത്തിനുശേഷം കൃഷിയും ട്യൂഷനുമായി കഴിയവെ പെരുമ്പാവൂർ സ്വദേശിനി സിന്ധുവിനെ 2007ൽ ജീവിത സഖിയാക്കി. തുടർന്ന് ഇരുവരും കൃഷിയും ട്യൂഷനുമായി ജീവിതം പച്ചപിടിപ്പിച്ചു വരവെ 2015ൽ പന്തളത്തുവെച്ച് രമേശിനെ പേപ്പട്ടി കടിച്ചു. പ്രതിരോധ കുത്തിവെപ്പിെൻറ പാർശ്വഫലമായി കരളിന് രോഗം ബാധിച്ചു. മറ്റു അസുഖങ്ങളും അലട്ടുന്നുണ്ട്. ഇതിനിടെ സിന്ധുവിന് അർബുദം ബാധിച്ചു. 18 സെൻറ് സ്ഥലവും വീടും ഭാര്യയുടെ ചികിത്സകൾക്കായി വിറ്റതിനെ തുടർന്ന് അന്തിയുറങ്ങാൻ പോലും ഇടമില്ലാത്ത അവസ്ഥയിലെത്തി. സൻമനസ്സ് തോന്നിയ വ്യക്തിയുടെ കാരുണ്യത്തിൽ അദ്ദേഹത്തിെൻറ വിടിനോടു ചേർന്ന പമ്പ് ഹൗസിൽ തല ചായ്ക്കാനുള്ള അവസരം ഇരുവർക്കും നൽകി. അങ്ങനെയിരിക്കെയാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി ഇവരുടെ സ്വന്തമായതെല്ലാം നഷ്ടമായി. ശുചീകരണം നടത്തി വീണ്ടും താമസം ആരംഭിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആലപ്പുഴയിലെ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. അവിടെനിന്നും ലഭിക്കുന്ന അന്നദാനം കൊണ്ട് ജീവിതവും തള്ളി നീക്കുന്നു. ജന്മനാട്ടിൽ സ്ഥലവും വാസയോഗ്യമായ വീടും എന്നതാണ് ദമ്പതികളുടെ അവശേഷിക്കുന്ന സ്വപ്നം. ഇതിനായി നാട്ടുകാർ കൈകോർത്തു. എസ്.ബി.ഐ വെൺമണി ശാഖയിൽ രമേശിെൻറ പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 7708 30 58736. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ-0070095. രമേശിെൻറ ഫോൺ: 9747761564. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ഊർജിത ശ്രമം ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ഊർജിത ശ്രമം ആരംഭിച്ചു. 11, 12, 13 തീയതികളിൽ നടക്കുന്ന ഫണ്ട് ശേഖരണത്തിന് ആലോചന യോഗം ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ സജി ചെറിയാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നു. 14ന് രാവിലെ 10ന് മണ്ഡലത്തിൽ ലഭിച്ച തുക മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്, ഐ.എഫ്.എസ്.സി നമ്പറുകൾ എല്ലാ വാർഡുകളിലുമെത്തിക്കും. 23ന് ദുരന്തമുഖത്ത് ചെങ്ങന്നൂരിനെ സഹായിച്ചവരെ ആദരിക്കും. രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾക്ക് കിറ്റ് വിതരണം ചെയ്യും. സ്‌പെഷൽ ഓഫിസർ നികുതി വകുപ്പ് സെക്രട്ടറിയായ പി. വേണുഗോപാൽ, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ, തഹസിൽദാർ കെ.ബി. ശശി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.