മുഹമ്മ: പുതിയ സ്‌കൂള്‍, പുതിയ കൂട്ടുകാര്‍ -അനന്ദുവിനും അര്‍ജുനും രേവതിക്കും ഋഷിശങ്കറിനും തിങ്കളാഴ്ച പ്രവേശനോത്സവമായി. ഒന്നരമാസത്തെ ഇടവേളക്കുശേഷം സ്‌കൂളിലിരുന്ന് പഠിക്കാന്‍ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ലാത്ത കൈനകരിയിലെ ഈ നാല്‍വര്‍ സംഘം. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിെൻറ പടി കടന്ന് രക്ഷകര്‍ത്താക്കളോടൊപ്പം വന്ന ഇവരെ പുസ്തകങ്ങളും നോട്ടുബുക്കുകളും നല്‍കി അധ്യാപകര്‍ ഹൃദയത്തോട് ചേര്‍ത്തു. കൈനകരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുട്ടിപ്പറമ്പില്‍ കുഞ്ഞുമോന്‍-ഗിരിജ ദമ്പതികളുടെ മക്കളായ കെ.കെ. അനന്ദു, അര്‍ജുന്‍ കുഞ്ഞുമോന്‍, കൈനകരി തോട്ടുവാത്തല പുതുവല്‍ ഗിരീഷ് കുമാറിെൻറയും രശ്മിയുടെയും മക്കളായ രേവതി, ഋഷിശങ്കര്‍ എന്നിവരെയാണ് അധ്യാപകര്‍ കൈപിടിച്ച് ക്ലാസുകളിലേക്ക് കൊണ്ടുപോയത്. അനന്ദു കുട്ടമംഗലം എച്ച്.എസ്.എസ്.എസില്‍ പ്ലസ് ടുവിനും അര്‍ജുന്‍ കൈനകരി സെൻറ്മേരീസ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഒമ്പതിലും രേവതി കൈനകരി ഹോളിഫാമിലി ഗേള്‍സ് ഹൈസ്‌കൂളില്‍ ഒമ്പതിലും ഋഷിശങ്കര്‍ സെൻറ് മേരീസ് ബോയ്‌സ് എച്ച്.എസില്‍ ഏഴിലും പഠിച്ചിരുന്നു. ഇവരുടെ വീടും സ്‌കൂളുകളും സ്‌കൂളിലേക്കുള്ള വഴിയും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഒന്നര മാസമായി പ്രളയക്കെടുതിയിലാണ് ഇവർ. വീടുകളില്‍ കഴുത്തൊപ്പം വെള്ളമായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോരുകയായിരുന്നു. ആദ്യ വെള്ളപ്പൊക്കത്തില്‍ ഒരു മാസം കുഞ്ഞുമോനും കുടുംബവും ഭാര്യ ഗിരിജയുടെ ഇരുമ്പനത്തെ സഹോദരെൻറ വീട്ടില്‍ അഭയം തേടി. ഇവിടെ മടവീണതോടെ ആഗസ്റ്റ് 25ന് ഇവര്‍ വീണ്ടും ആലപ്പുഴ പട്ടണത്തിലെത്തി. തുടര്‍ന്ന് പട്ടണക്കാട് ബിഷപ്പ്മൂര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും ഈ ക്യാമ്പ് പിരിച്ചുവിട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ മുഖേന കഞ്ഞിക്കുഴിയില്‍ വാടക വീട്ടിലുമെത്തി. ലൂഥര്‍ മിഷന്‍ എൽ.പി സ്‌കൂളിന് സമീപം കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥന്‍ കറുവള്ളി ബാബു വാടകയൊന്നും വാങ്ങാതെയാണ് രണ്ടു കുടുംബങ്ങളെയും ഇവിടെ താമസിപ്പിക്കുന്നത്. ബാബുവും സി.പി.എം ലോക്കല്‍ സെക്രട്ടറി എം. സന്തോഷ്‌കുമാറും മുന്‍കൈയെടുത്താണ് കുട്ടികളെ എ.ബി വിലാസം സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മാനേജര്‍ കെ.കെ. മംഗളാനന്ദന്‍, പ്രിന്‍സിപ്പൽ പി. സജീവ്, ഹെഡ്മിസ്ട്രസ് വി.കെ. ഷക്കീല, പി.ടി.എ പ്രസിഡൻറ് കെ.എസ്. ലാലിച്ചന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. പി.ടി.എ സൗജന്യമായി പുസ്തകങ്ങള്‍ സമ്മാനിച്ചപ്പോള്‍ മുഹമ്മ സി.എം.എസ്.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ജോളി തോമസ് 40 നോട്ടുബുക്കുകള്‍ നല്‍കി. ക്ലാസ് ടീച്ചർമാരായ കലാദേവി, ക്ഷേമ, പ്രസീത എന്നിവര്‍ കുട്ടികളെയും കൂട്ടി ക്ലാസുകളിലേക്ക് ചെന്നപ്പോള്‍ നിറഞ്ഞ മനസ്സോടെയാണ് പുത്തന്‍ കൂട്ടുകാരെ വരവേറ്റത്. ഇവര്‍ പഠിച്ചിരുന്ന സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അങ്ങോട്ടേക്ക് ഇവര്‍ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.