ആലപ്പുഴ: പ്രളയബാധിത മേഖലയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരെത്തി മൂന്ന് ദിവസത്തിനകം വസ്തുനിഷ്ഠ കണക്കെടുപ്പ് നടത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. ആലപ്പുഴയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചത്തേക്കുകൂടി കാലിത്തീറ്റ സൗജന്യമായി നൽകുന്നതിന് നടപടിയെടുക്കാൻ നിർദേശിച്ചു. പ്രളയാനന്തര സാഹചര്യം പരിഗണിച്ച് ക്ഷീരമേഖലയിൽ ഈ വർഷം നടപ്പാക്കുന്ന പദ്ധതികളിൽ അനിവാര്യമല്ലാത്തവ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിലേക്ക് വഴിതിരിച്ച് വിടും. ഈ മേഖലയിൽ നഷ്ടം വന്നവരെ കൈപിടിച്ചുയർത്താൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയബാധിതരായ ക്ഷീരകർഷകരെ സഹായിക്കുന്നതിന് വിവിധ പരിപാടികളാണ് ആലോചിക്കുന്നത്. പശുക്കൾ നഷ്ടമായവർക്ക് പകരം പശുവല്ലെങ്കിൽ പണമെന്നത് ആലോചനയിലുണ്ട്. നിലവിലെ കേന്ദ്രസഹായവും സി.എം.ഡി.ആർ.എഫും ചേർത്താണ് പശു നഷ്ടമായവർക്ക് 30,000 രൂപ സഹായധനം നൽകുന്നത്. സംഘങ്ങളിൽ പാലളക്കാത്ത ക്ഷീരകർഷകരെയും വിവരശേഖരണത്തിൽ ഉൾപ്പെടുത്തണമെന്നും അവർക്കും സഹായം കിട്ടണമെന്നാണ് വകുപ്പിെൻറ താൽപര്യമെന്നും മന്ത്രി പറഞ്ഞു. ഒരാൾക്ക് ഒന്നിലധികം ഏജൻസികളിൽനിന്ന് സഹായം ലഭിക്കുന്ന സ്ഥിതിയുണ്ടാകരുത്. ജില്ലയിൽ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിൽ രൂപവത്കരിച്ച ദുരന്തനിവാരണ സമതി ഓരോ രണ്ടുദിവസവും യോഗം ചേർന്ന് ഗുണഭോക്തൃ പട്ടിക പരിശോധിക്കണം. പുൽകൃഷിക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ ചില പദ്ധതികളിൽ മാറ്റം വരുത്തും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ മിൽമയുടെ നേതൃത്വത്തിൽ പുല്ല് നൽകുന്നത് കുറച്ചുകാലംകൂടി തുടരേണ്ടതുണ്ട്. യോഗത്തിൽ മിൽമ മേഖല ചെയർമാൻ കല്ലട രമേശ്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സുനിൽകുമാർ, ക്ഷീരവികസന െഡപ്യൂട്ടി ഡയറക്ടർ ശ്രീലത, മിൽമ സീനിയർ മാനേജർ ഡോ. മുരളി, ദുരന്തനിവാരണ സമിതി ചെയർമാൻ ധ്യാനസുതൻ, ശശികുമാർ, ക്ഷീരവികസന വകുപ്പ് ജോയൻറ് ഡയറക്ടർ എ. ഗീത, മറ്റുബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.