ആലപ്പുഴ: ജില്ലയിൽ പത്ത് മുതൽ 15 വരെ പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറയും ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറയും നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 12ന് രാവിലെ 9.30ന് ചേർത്തലയിലും ഉച്ചക്ക് രണ്ടിന് ആലപ്പുഴയിലും വൈകുന്നേരം അഞ്ചിന് അമ്പലപ്പുഴയിലും സമാഹരണയജ്ഞം നടത്തും. 13ന് രാവിലെ 9.30ന് അരൂരിലും വൈകുന്നേരം മൂന്നിന് ഹരിപ്പാടും 14ന് രാവിലെ പത്തിന് ചെങ്ങന്നൂരും ഉച്ചക്ക് രണ്ടിന് മാവേലിക്കരയും വൈകുന്നേരം അഞ്ചിന് കായംകുളത്തും 15ന് രാവിലെ പത്തിന് കുട്ടനാടും ധനസമാഹരണയജ്ഞം നടത്തും. പത്തിനകം ഓരോ മണ്ഡലത്തിലും എം.എൽ.എമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിക്കണം. ബന്ധപ്പെട്ട എം.പിമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭകളിൽ നഗരസഭ ചെയർമാൻ അല്ലെങ്കിൽ സെക്രട്ടറി എന്നിവർ പങ്കെടുക്കണം. പട്ടികപ്രകാരമുള്ള സംഭാവന സ്വീകരിക്കുന്നതിനുള്ള സമാഹരണയജ്ഞം 12 മുതൽ തുടങ്ങും. ഓരോ മണ്ഡലത്തിലും നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് വിപുലമായ രീതിയിൽ ആയിരിക്കും ധനസമാഹരണം. കേരളത്തിെൻറ പുനർനിർമാണത്തിന് 30,000 കോടിയിലേറെ രൂപ ആവശ്യമായിവരും. ഒരു സമ്മർദവും ഇല്ലാതെ തന്നെ ലോകം മുഴുവൻ കുട്ടനാടിനെ സഹായിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. 1200 കോടിക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുണ്ട്. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക ദിവസം നിശ്ചയിച്ച് വിവിധ കേന്ദ്രങ്ങളിൽ സുമനസ്സുകളിൽ നിന്ന് ധനസമാഹരണം നടത്താനാണ് ഉദ്ദേശ്യമെന്ന് ജി. സുധാകരൻ പറഞ്ഞു. യോഗത്തിൽ എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ആർ. രാജേഷ്, യു. പ്രതിഭ, എ.എം. ആരിഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ധനസമാഹരണത്തിനുള്ള സ്പെഷൽ ഓഫിസർ ആലപ്പുഴ മുൻ കലക്ടറും നികുതി വകുപ്പ് സെക്രട്ടറിയുമായ പി. വേണുഗോപാൽ, തോമസ് ചാണ്ടി എം.എൽ.എയുടെ പ്രതിനിധി, കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.