കനകാശ്ശേരി പാടശേഖരത്തെ മടകെട്ട് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും

കുട്ടനാട്: പ്രളയത്തിൽ വീണ കനകാശ്ശേരി പാടശേഖരത്തെ പ്രധാന മടയുടെ നിർമാണം രണ്ട് ദിവസത്തിനകം പൂർത്തിയാകും. 15 മീറ്റർ നീളത്തിലാണ് ഇവിടെ മട കെട്ടുന്നത്. വേമ്പനാട്ടുകായലിൽനിന്ന് ചളി കുത്തിയാണ് മടകെട്ട് പുരോഗമിക്കുന്നത്. പമ്പിങ് ഉടൻ ആരംഭിക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം. അതേസമയം, വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തകരാറിലായ മോട്ടോര്‍ തറകള്‍ നവീകരിക്കുന്നതിന് 20,000 രൂപ മുന്‍കൂര്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വന്നിട്ടും കുട്ടനാട്ടില്‍ പമ്പിങ് ആരംഭിക്കുന്നത് വൈകുന്നു. കൈനകരി അടക്കമുള്ള പ്രദേശങ്ങളിലെ ചുരുക്കം ചില പാടശേഖരങ്ങളില്‍ മാത്രമാണ് പമ്പിങ് ആരംഭിച്ചത്. മിക്ക പാടശേഖരങ്ങളുടെയും മോട്ടോര്‍തറകള്‍ വെള്ളം പൊങ്ങിയതോടെ തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പമ്പിങ് ആരംഭിക്കാത്തതിനാല്‍ പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി കൃഷിഭവന് കീഴിലെ പാടശേഖരങ്ങളുടെ പുറംബണ്ടിലെ നൂറുകണക്കിന് വീടുകളാണ് ദിവസങ്ങളായി വെള്ളക്കെട്ടിലായത്. മോട്ടോര്‍ പമ്പുകളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ 20,000 രൂപ ചൊവ്വാഴ്ചവരെ പാടശേഖര സമിതികള്‍ക്ക് കൈമാറിയിട്ടില്ല. രണ്ടുതവണയായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍നിന്ന് കൃഷി രക്ഷിച്ചെടുക്കുന്നതിന് ലക്ഷങ്ങളാണ് കര്‍ഷകര്‍ ചെലവഴിച്ചത്. ഈ സ്ഥിതിയില്‍ പുറത്തുനിന്ന് പമ്പുകളെത്തിച്ച് പമ്പിങ് നടത്താനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പാടശേഖരസമിതികളും. കൂടാതെ, നേരേത്ത ഇത്തരത്തില്‍ മട കുത്തലിനുംമറ്റും സര്‍ക്കാര്‍ സഹായം നല്‍കുമെന്നേറ്റിരുന്നെങ്കിലും പലര്‍ക്കും ഈ തുക കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകന്‍ പറയുന്നത്. ആലപ്പുഴയില്‍ സ്വകാര്യബസുകളുടെ കാരുണ്യയാത്ര നാളെ ആലപ്പുഴ: പ്രളയത്തില്‍ ദുരിതമനുഭവിച്ച ജനവിഭാഗങ്ങള്‍ക്ക് ഒരു കൈത്താങ്ങും നവകേരള സൃഷ്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നൂതന പദ്ധതികളില്‍ പങ്കാളിയാകാനും ലക്ഷ്യമിട്ട് ധനസമ്പാദനത്തിന് ആലപ്പുഴയിലെ സ്വകാര്യബസുകള്‍ വ്യാഴാഴ്ച കാരുണ്യയാത്ര സംഘടിപ്പിക്കുന്നു. അന്നേദിവസം സ്വകാര്യബസുകളില്‍ ടിക്കറ്റ് നല്‍കില്ല. പകരം ബക്കറ്റില്‍ ടിക്കറ്റ് നിരക്കുകൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘടനക്ക് പുറെമയുള്ള ബസുകളും പങ്കെടുക്കുന്നതിനെ യോഗം സ്വാഗതം ചെയ്തു. യോഗത്തില്‍ കെ.ബി.ടി.എ ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ഷാജിലാല്‍, റിനുമോന്‍, ബാബു, നവാസ് പാറായില്‍, സത്താര്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.