പ്രളയാനന്തരം പെരിയാർ തീരങ്ങളിൽ മണൽ നിക്ഷേപം; കടത്താൻ മാഫിയ

കൊച്ചി: മഹാപ്രളയത്തോടെ പെരിയാറിലും തീരത്തും രൂപപ്പെട്ടത് വൻ മണൽ നിക്ഷേപം. മലയാറ്റൂരിനും ആലുവക്കും ഇടയിൽ പുഴയുടെ ഇരുകരകളിലും പലയിടങ്ങളിലായി മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പുഴയോരത്തെ മണപ്പുറങ്ങളിൽ സായാഹ്നം ചെലവഴിക്കാനെത്തുന്ന യുവാക്കളും കുട്ടികളും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇതോടൊപ്പം, പുഴക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തി മണൽ കടത്താൻ ഇടവേളക്ക് ശേഷം മാഫിയകളും സജീവമായി. പെരിയാറടക്കം നദികൾക്കും തീരപ്രദേശങ്ങൾക്കും വൻ രൂപമാറ്റമാണ് പ്രളയത്തിലൂടെ ഉണ്ടായത്. പ്രളയസമയത്ത് പെരിയാറിൽ മൂന്ന് മീറ്ററിലധികം ഉയർന്ന ജലനിരപ്പ് ഇപ്പോൾ 12 അടിയോളം താഴ്ന്നിട്ടുണ്ട്. കാടും പടലും മാലിന്യവും ഒഴുകിപ്പോയ നദീതീരത്ത് പലയിടത്തും പ്രളയജലത്തിൽ അടിഞ്ഞുകൂടിയ ചെളി വരണ്ടുണങ്ങിക്കിടക്കുന്നു. ഇതോടൊപ്പമാണ് മലയാറ്റൂർ, കാലടി, ഒക്കൽ, കാഞ്ഞൂർ, വല്ലം, മുടിക്കൽ, മാറമ്പിള്ളി, ശ്രീമൂലനഗരം, ചാലയ്ക്കൽ, തോട്ടുമുഖം, ചൊവ്വര തുടങ്ങി നദീതീരങ്ങളിൽ മീറ്ററുകളോളം നീണ്ട മണൽക്കൂമ്പാരങ്ങൾ. 20 വർഷം മുമ്പ് നദിയിൽ കാണപ്പെട്ടിരുന്ന മണൽ നിക്ഷേപമാണ് പ്രളയശേഷം രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. അധികൃതർ പ്രളയാനന്തര പ്രവർത്തനങ്ങളുടെ തിരക്കിൽ മുഴുകിയിരിക്കുന്നത് മുതലെടുത്താണ് മണൽ കടത്താൻ മാഫിയ സംഘങ്ങൾ വീണ്ടും സജീവമായത്. കഴിഞ്ഞ ദിവസം മാറമ്പിളളിക്ക് സമീപത്തുനിന്ന് മണൽ കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. പെരിയാറിലെ അനിയന്ത്രിത മണലൂറ്റ് ഹൈകോടതി ഇടപെടലിനെത്തുടർന്നാണ് അവസാനിച്ചത്. തുടർന്ന്, ഒാഡിറ്റ് നടത്തി ഒക്കൽ, കാഞ്ഞൂർ തുടങ്ങി ഏതാനും പഞ്ചായത്തുകൾക്ക് മാത്രം മണൽ വാരാൻ അനുമതി നൽകി. എന്നാൽ, രാത്രിയുടെ മറവിൽ പലയിടങ്ങളിൽനിന്നായി മാഫിയ സംഘങ്ങൾ വൻതോതിൽ മണൽ കടത്തി. ഇതോടെ പുഴയുടെ ആഴം കൂടി. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് തീരങ്ങളിലെ കിണറുകൾ വേഗത്തിൽ വറ്റാൻ തുടങ്ങി. വേലിയേറ്റ സമയത്ത് ഒാരുവെള്ളം കിഴക്കോട്ട് ഒഴുകുന്നതും പതിവായി. പുഴയുടെ തീരത്തെ മണൽനിക്ഷേപം കൊള്ളയടിക്കാനാണ് മാഫിയയുടെ നീക്കം. അനധികൃത മണൽ ഖനനം പ്രളയത്തിൽ ഇളകിയ തീരങ്ങൾ ഇടിയാൻ ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൾ പറയുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ ജാഗ്രത വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.