ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസംഘത്തോട് നെടുമുടി പഞ്ചായത്ത ് നിവാസികൾ ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത് -''ഞങ്ങള്‍ക്കൊന്നും തന്നില്ലേലും അവന് നിങ്ങളെന്തേലും ചെയ്യണം''. ആ ഗ്രാമവാസികളുടെ മുഴുവൻ സങ്കടവും അവരുടെ വാക്കുകളിൽ വായിക്കാമായിരുന്നു. ഇത് പറയുമ്പോൾ നിസ്സംഗനായി വിനയനും അവിടെയുണ്ടായിരുന്നു. പ്രളയജലം ഇരമ്പിയാർത്തെത്തിയപ്പോൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവും ഗ്രാമവാസികളുടെ മുന്നിലുണ്ടായിരുന്നില്ല. തങ്ങൾ മക്കളോളം സ്നേഹിക്കുന്ന കന്നുകാലികളുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പഞ്ചായത്ത് ഒാഫിസിന് സമീപത്തെ പാലത്തില്‍ ഉപേക്ഷിച്ചാണ് നാടുവിട്ടത്. സ്വന്തം കാലികൾക്കൊപ്പം അവയെയും പരിപാലിക്കാൻ പ്രളയത്തിൽ അവിടെ അവശേഷിച്ചത് വിനയന്‍ മാത്രമായിരുന്നു. സ്വന്തം വീട് വെള്ളപ്പൊക്കത്തിൽ തകരുകയും ഭാര്യയും മൂന്ന് കുട്ടികളും ക്യാമ്പിലേക്ക് മാറുകയും ചെയ്തിട്ടും വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹം ആ ഗ്രാമം വിട്ടുപോകാന്‍ വിനയനെ അനുവദിച്ചില്ല. പ്രളയജലമിറങ്ങി ഓരോരുത്തരായി വന്ന് തങ്ങളുടെ കാലികളെ കൊണ്ടുപോയപ്പോഴും വിനയന് ഒരു പരാതിയുമില്ലായിരുന്നു. എന്നാൽ, ഒരുദിവസം പുലര്‍ച്ച വിനയെൻറ ജീവനും ഉപജീവനവുമായ കറവയുള്ള രണ്ട് കാലികളിലൊന്ന് ജീവനറ്റ് കിടക്കുന്നതാണ് കണ്ടത്. വിനയെൻറ സങ്കടവും നാട്ടുകാരുടെ ആവശ്യവുമറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി അസി. അമീറും പീപിൾസ് ഫൗണ്ടേഷൻ ചെയർമാനുമായ പി. മുജീബ് റഹ്മാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു. അതാണ് അഞ്ചുദിവസത്തിനുശേഷം പ്രാവർത്തികമായത്. 50,000 രൂപ വിലയുള്ള പശുവിനെയും കിടാവിനെയും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി കൈമാറുമ്പോൾ വിനയെൻറ കണ്ണും നാട്ടുകാരുടെ മനവും നിറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ചാക്കോ, വാർഡ് മെംബർ ജയിംസ് തിരുനിലം, വില്ലേജ് ഓഫിസർ രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, ജനസേവന വകുപ്പ് സെക്രട്ടറി ഡോ. ഒ. ബഷീർ, ഐ.ആർ.ഡബ്ല്യു ജില്ല ലീഡർ കെ.എം. റഷീദ്, ആലപ്പുഴ-അമ്പലപ്പുഴ ഏരിയ പ്രസിഡൻറുമാരായ ആർ. ഫൈസൽ, മൊയ്തീൻ കുഞ്ഞ് തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.