കൊച്ചി: ജില്ലയിൽ എലിപ്പനിബാധ സംശയിക്കുന്ന 14 പേർകൂടി ജില്ലയിൽ നിരീക്ഷണത്തിൽ. കോതമംഗലം, പറവൂർ മേഖലകളിൽനിന്ന് രണ്ടുപേർ വീതമാണ് എലിപ്പനി ലക്ഷണങ്ങളോടെ ശനിയാഴ്ച ചികിത്സ തേടിയത്. മറ്റ് ചില ഭാഗങ്ങളിൽനിന്ന് ഒാരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൗസ്റ്റ് കൊച്ചി, കാലടി, ഇലഞ്ഞി, കോതമംഗലം, മാറാടി, വരാപ്പുഴ, കറുകുറ്റി, രാമമംഗലം, മൂവാറ്റുപുഴ, ഏലൂർ, ആലങ്ങാട്, പല്ലാരിമംഗലം എന്നിവിടങ്ങളിലാണ് ആളുകൾ നിരീക്ഷണത്തിലുള്ളത്. എന്നാൽ, ഒരാൾക്ക് പോലും പുതുതായി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച രണ്ടുപേർക്ക് സ്ഥിരീകരിച്ചതുൾപ്പെടെ ഇതുവരെ ഒമ്പതുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ ജലമലിനീകരണം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. മലിനജലവുമായി സമ്പർക്കത്തിൽ കഴിയേണ്ടി വരുന്നവർക്കും ശുചീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവർക്കുമൊക്കെ പ്രതിരോധ ഗുളിക വിതരണം ചെയ്യാനുള്ള പ്രവർത്തനം നടക്കുന്നതായി ഡി.എം.ഒ ഡോ. എൻ.െക. കുട്ടപ്പൻ പറഞ്ഞു. വീടുകൾ കയറിയിറങ്ങിയും ക്യാമ്പുകളിലും ഡോക്ടർമാരുടെ നിർദേശപ്രകാരവും പ്രതിരോധഗുളിക വിതരണം ചെയ്യുന്നുണ്ട്. ഡോക്സിസൈക്ളിൻ ഗുളികയാണ് വിതരണം ചെയ്യുന്നത്. ആഴ്ചയിൽ ഒന്ന് എന്നനിലയിൽ പരമാവധി ആറാഴ്ച വരെ ഇത് കഴിക്കാം. ഈ വർഷം ഇതുവരെ 22 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. വിവിധ മാസങ്ങളിലായി 175 പേർ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലുമുണ്ടായിരുന്നു. മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എലിപ്പനി കൂടാതെ ചിക്കൻപോക്സ് ബാധിച്ചും ജില്ലയുടെ പല ഭാഗത്തുനിന്നും ആളുകൾ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. 103 ചിക്കൻപോക്സ് കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.