പ്രളയബാധിതർക്ക് ആശ്വാസമായി ഇന്ത്യൻ പ്ലംബിങ് അസോ.

കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ പ്ലംബിങ് അസോസിയേഷൻ (ഐ.പി.എ). ദുരിതം ഏറ്റവുമധികം ബാധിച്ച പറവൂർ, ആലുവപോലുള്ള മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് പ്രവർത്തനങ്ങൾ. അസോസിയേഷൻ കേരള ഘടകത്തി​െൻറ നേതൃത്വത്തിലാണിത്. ആഗസ്റ്റ് 16ന് ഒരു ട്രക്ക് നിറയെ പായ, ബെഡ്ഷീറ്റ്, അത്യാവശ്യ ഭക്ഷണസാമഗ്രികൾ, ശുചീകരണവസ്തുക്കൾ ഉൾപ്പെടെ അൻപോടു കൊച്ചി സംഭരണകേന്ദ്രത്തിൽ എത്തിച്ചായിരുന്നു ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ മഹാരാജാസ് കോളജ്, ആലുവ യു.സി കോളജ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളെത്തിച്ചു. പിന്നീട് സുപ്രീം ഫൗണ്ടേഷനുമായി സഹകരിച്ച് അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് പറവൂർ മേഖലയിലെ ആയിരത്തോളം വീടുകളിലെത്തിച്ചു. 20 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. അസോസിയേഷൻ കേരള ചാപ്റ്ററിനൊപ്പം കേന്ദ്ര കമ്മിറ്റികളുടെയും സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. ശിവ അയ്യർ, രഞ്ജിത്ത്, ഗോവിന്ദൻ, ആസാദ് എന്നിവരാണ് ആശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്യാമ്പുകളിൽനിന്ന് വീടുകളിലെത്തുന്നവർക്ക് അത്യാവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. അസോസിയേഷനുമായി ബന്ധമുള്ള മറ്റു വ്യവസായ സ്ഥാപനങ്ങൾ, സംഘടനകൾ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുമായി സംസാരിച്ച് സഹായം അനിവാര്യമായ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാനാണ് ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.