ആറാട്ടുപുഴ: കാലവർഷം തുടങ്ങുന്നതിന് മുമ്പുതന്നെ വലിയ ദുരിതങ്ങളുടെ സൂചന നൽകി ആറാട്ടുപുഴ തീരത്ത് കടലിെൻറ താണ്ഡവം. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കടലാക്രമണം കൂടുതൽ പ്രക്ഷുബ്ധമായി. തിരമാലകൾ തീരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ കടലാക്രമണത്തിെൻറ പ്രതിരോധ സംവിധാനങ്ങൾ ശക്തമല്ലാത്തതിനാൽ ജനം ഭീതിയിലാണ്. ഓരോ ദിവസം കഴിയുംതോറും കടൽ വീടുകളോട് അടുത്തുകൊണ്ടിരിക്കുന്നു. അധികാരികൾ ൈകയൊഴിഞ്ഞപ്പോൾ തങ്ങളുടെ സ്ഥലവും വീടും സംരക്ഷിക്കാൻ ആയിരങ്ങൽ െചലവഴിച്ച് പ്രതിരോധമൊരുക്കാനുള്ള പെടാപ്പാടിലാണ് പലരും. അതിന് കഴിയാത്തവർ നിസ്സഹായരായി കണ്ണീരൊഴുക്കുന്നു. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള ഭാഗത്ത് കഴിഞ്ഞ കടലാക്രമണങ്ങൾ ബാക്കിവെച്ച റോഡ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തിരമാലകൾ റോഡിലാണ് പതിക്കുന്നത്. റോഡിെൻറ മെറ്റലും കടൽഭിത്തിയുടെ കരിങ്കല്ലുകളും റോഡിൽ ചിതറിക്കിടക്കുന്നു. ഇതുമൂലം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. ബസ് സർവിസ് സ്റ്റാൻഡിൽ അവസാനിപ്പിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗതാഗതം തകരാറിലായത് വിദ്യാർഥികളെ കൂടുതൽ ദുരിതത്തിലാക്കും. ആറാട്ടുപുഴയുടെ തെക്കൻ ഭാഗത്തുള്ളവർ ഒറ്റപ്പെട്ട നിലയിലാണ്. നല്ലാണിക്കൽ ഭാഗമാണ് മറ്റൊരു അപകട മേഖല. ഇവിടെ നിരവധി വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. ഇവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കടൽഭിത്തി ഇപ്പോൾ കടലിലാണ്. നിരവധി വീടുകൾക്ക് അടുത്ത് കടലെത്തിക്കഴിഞ്ഞു. വലിയ ചാക്കിൽ മണ്ണ് നിറച്ച് വീട് സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ് വീട്ടുകാർ. നല്ലാണിക്കൽ വടക്ക് ഭാഗത്ത് റോഡ് മുറിഞ്ഞ് പോകാവുന്ന അവസ്ഥയിൽ തിരമാല കേന്ദ്രീകരിക്കുന്ന ഒരുഭാഗത്ത് പ്രതിരോധം ഒരുക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും ഇനിയും കേട്ടഭാവം നടിച്ചിട്ടില്ല. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്ത് റോഡിന് പടിഞ്ഞാറ് ഭാഗെത്ത കടകളെല്ലാം കടലാക്രമണ ഭീഷണിയിലാണ്. കടകളുടെ മുകളിലും ചുവരിലുമാണ് തിരമാല പതിക്കുന്നത്. എം.ഇ.എസ് ജങ്ഷൻ ഭാഗത്ത് കടൽഭിത്തി ദുർബലമായതിനാൽ കര കടലെടുത്തുകൊണ്ടിരിക്കുന്നു. പടിഞ്ഞാറേ ജുമാമസ്ജിദും ഭീഷണി നേരിടുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മതുക്കൽ, പ്രണവം നഗർ, മൂത്തേരി, പാനൂർ, പല്ലന ഹൈസ്കൂൾ ജങ്ഷന് പടിഞ്ഞാറ് എന്നിവിടങ്ങളിലും കടലാക്രമണം ദുരിതം വിതക്കുന്നു. പല്ലന ഭാഗത്ത് നാല് വീടുകൾ ഭീഷണി നേരിടുന്നു. തീരവാസികളുടെ ദുരിതങ്ങളോട് കടുത്ത അവഗണനയാണ് അധികാരികൾ തുടരുന്നത്. വാഗ്ദാനങ്ങളല്ലാതെ നടപടി ഉണ്ടായിട്ടില്ല. കൂടുതൽ അപകടാവസ്ഥയിലായ സ്ഥലങ്ങളിലെങ്കിലും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യംപോലും അധികാരികൾ പരിഗണിച്ചില്ല. കടലിളകുമ്പോൾ കുറെ കല്ലിറക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രവർത്തനമാകും ഇനി നടക്കുക. ഇതുകൊണ്ട് കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല. കുറെ നാളായി തീരത്ത് ഇതാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അധികാരികളുടെ അവഗണനയിൽ തീരത്ത് പ്രതിഷേധം കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.