നിറഞ്ഞുനിന്നത്​ വാദപ്രതിവാദങ്ങൾ

ചെങ്ങന്നൂർ: ഏതൊരു ഉപതെരഞ്ഞെടുപ്പിനെയും വെല്ലുന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ചെങ്ങന്നൂർ ഇന്ന് ബൂത്തിലേക്ക് നടന്നടുക്കുന്നത്. കാര്യമായ പ്രശ്നങ്ങളില്ലാതെ പ്രചാരണം പര്യവസാനിച്ചപ്പോൾ അതിൽ ചെങ്ങന്നൂരുകാർക്ക് ആശ്വസിക്കാം, അഭിമാനിക്കാം. രണ്ടര മാസത്തെ കോലാഹലങ്ങളെ തിരിഞ്ഞുനോക്കി വിലയിരുത്തുേമ്പാൾ ചെറിയ വാദപ്രതിവാദങ്ങളായിരുന്നില്ല കേട്ടത്. പ്രാദേശികം തൊട്ട് അഖിലേന്ത്യതലം വരെയുള്ള കാര്യങ്ങൾ ചെങ്ങന്നൂരി​െൻറ ചർച്ചാവിഷയമായി. വികസനത്തിൽ തുടങ്ങിയായിരുന്നു വാക്പോര്. ചെങ്ങന്നൂർ വികസനത്തി​െൻറയും തകർച്ചയുടെയും പിതൃത്വം ആർക്ക്. ഇൗ ചോദ്യത്തിന് ഉത്തരം തേടിയപ്പോൾ ആരോപണങ്ങളുെടയും പ്രത്യാരോപണങ്ങളുടെയും ഒഴുക്കായി. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ പേരിലും എല്ലാ മുന്നണികളും കണ്ണീർപൊഴിച്ചു. രാമചന്ദ്രൻ നായർക്ക് മരണാനന്തര ബഹുമതി നൽകാനുള്ള തിരക്കായിരുന്നു എവിടെയും കണ്ടത്. നദികളാൽ ചുറ്റപ്പെട്ട ചെങ്ങന്നൂർ കടന്നുകയറുവാനായി ആർക്കും വിഷയ ദാരിദ്ര്യമുണ്ടായില്ല. വികസനം പതുക്കെ മാറി. പിന്നെ വന്നത് അഴിമതി ആരോപണങ്ങൾ. അതും നന്നായി പൊടിപൊടിച്ചു. ഇടക്ക് വ്യക്തിപരമായ ആരോപണങ്ങൾ കടന്നുവന്നു. അവസാനമെത്തിയത് വർഗീയത. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ അയ്യപ്പസേവ സംഘത്തി​െൻറ ഭാരവാഹി ആയതിനാൽ അതിനെ ചുറ്റിപ്പറ്റിയായിരുന്നു ഇടതുപക്ഷം മൃദുഹിന്ദുത്വ വർഗീയത ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. അതിന് തടയിടാൻ യു.ഡി.എഫും എൻ.ഡി.എയും പലയിടത്തും യോജിപ്പി​െൻറ വാക്യങ്ങൾ കണ്ടെത്തി. അത് ഉപയോഗപ്പെടുത്തി വോട്ട് നേടാൻ യു.ഡി.എഫാണ് പരമാവധി ശ്രമിച്ചത്. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനെതിരെയും വ്യക്തിപരമായ ആരോപണങ്ങൾ ഉയർന്നുവന്നു. എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻപിള്ളക്കെതിരെ വ്യക്തിപരമായ ആക്ഷേപമുണ്ടായില്ലെങ്കിലും വർഗീയ മുതലെടുപ്പി​െൻറ മുഖമായി ആ മുന്നണിയെ മറ്റ് രണ്ട് മുന്നണികളും ഉയർത്തിക്കാട്ടി. കുടിവെള്ളവും നദികളും വ്യവസായവും എന്നുവേണ്ട ജീവിതത്തി​െൻറ നാനാമേഖലകളിൽപെട്ട വിഷയങ്ങളും വോട്ട് സമ്പാദനത്തിനുള്ള മാർഗങ്ങളായി ചെങ്ങന്നൂരിൽ ഉയർന്നുകേട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.