കൊച്ചി: സപ്ലൈകോ നെല്ല് സംഭരണം അഞ്ച് ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തുന്നു. കഴിഞ്ഞ ഒക്ടോബറിനുശേഷം സംസ്ഥാനത്ത് സപ്ലൈകോ ഇതുവരെ 4.76 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഈ ഇനത്തിൽ കർഷകർക്ക് ഇതുവരെ 880.77 കോടി രൂപ വിതരണം ചെയ്തു. അടുത്ത മാസം രണ്ടാം വിളവെടുപ്പ് കഴിയുമ്പോഴേക്കും സംഭരണം അഞ്ച് ലക്ഷം മെട്രിക് ടൺ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോ സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംഭരിക്കാനായത് 4.52 ലക്ഷം മെട്രിക് ടൺ ആയിരുന്നു. സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ആലപ്പുഴ, പാലക്കാട് ജില്ലകളാണ്. ആലപ്പുഴയിൽ 1.50 ലക്ഷം മെട്രിക് ടണ്ണും പാലക്കാട്ട് 1.49 ലക്ഷം മെട്രിക് ടണ്ണും നെല്ലാണ് ഇതിനകം സംഭരിച്ചിട്ടുള്ളത്. തൃശൂർ ജില്ലയിൽനിന്ന് 76,049 മെട്രിക് ടൺ നെല്ലും കോട്ടയത്തുനിന്ന് 65,914 മെട്രിക് ടൺ നെല്ലും സംഭരിച്ചിട്ടുണ്ട്. സംഭരണത്തിൽ ഏറ്റവും പിന്നിൽ നാണ്യവിളകളുടെ കേന്ദ്രമായ ഇടുക്കിയാണ്. ഇവിടെ ഇതുവരെ സംഭരിച്ചത് 100 മെട്രിക് ടൺ നെല്ല് മാത്രമാണ്. മലപ്പുറം-16,816 മെട്രിക് ടൺ, പത്തനംതിട്ട- 8,035, എറണാകുളം- 4,352, വയനാട്-3,882, തിരുവനന്തപുരം-445, കൊല്ലം-463, കണ്ണൂർ-341, കാസർകോട്- 246, കോഴിക്കോട്-140.32 മെട്രിക് ടൺ എന്നിങ്ങനെയാണ് നെല്ല് സംഭരിച്ചത്. ഇത്തവണ 23.30 രൂപ നിരക്കിലാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. ഇതിൽ 7.80 രൂപ സംസ്ഥാന സർക്കാർ നൽകുന്ന നെൽകൃഷി പ്രോത്സാഹന ബോണസും ബാക്കി 15.50 രൂപ കേന്ദ്ര സർക്കാർ അനുവദിച്ച തറവിലയുമാണ്. നെൽവില കർഷകർക്ക് ഉടൻ വിതരണം ചെയ്യുന്നതിന് എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, വിവിധ ജില്ല കോഓപറേറ്റിവ് ബാങ്കുകൾ എന്നിവയുമായി ചേർന്ന് പ്രത്യേക സൗകര്യവും സപ്ലൈകോ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 51 മില്ലുകൾ മുഖേനയാണ് സപ്ലൈകോ കർഷകരിൽനിന്ന് നെല്ല് സംഭരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.