മത്സ്യക്ഷാമം രൂക്ഷം; തീരത്ത്​ വറുതി

ആലപ്പുഴ: കടൽ ശാന്തമല്ലാതായിട്ട് ദിവസങ്ങളേറെയായി. കടലിളക്കം ശക്തമായതിനാൽ മത്സ്യബന്ധനവും ശ്രമകരം. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ വള്ളമിറക്കുക എളുപ്പവുമല്ല. കാലാവസ്ഥ വിഭാഗത്തി​െൻറ മുന്നറിയിപ്പ് അടിക്കടി വരുന്നതിനാൽ മത്സ്യബന്ധനം വഴിമുട്ടി. ഉയർന്ന തിരമാല അടിച്ചുകയറുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ വള്ളങ്ങൾ കരക്കിരിപ്പാണ്. നൂറുകണക്കിന് വള്ളങ്ങൾ വെറുതെയിരിക്കുേമ്പാൾ തൊഴിലാളികൾ പണിയില്ലാതെ ദുരിതദിനങ്ങൾ തള്ളിനീക്കുന്നു. മഴെക്കാപ്പം നല്ല കാറ്റും ഉള്ളതിനാൽ അപകടസാധ്യതയുമുണ്ട്. ഇൗ സാഹചര്യമാണ് തീരത്ത് കുറെ ദിവസങ്ങളായി തൊഴിലാളി കുടുംബങ്ങൾക്ക് പണിയില്ലാത്ത അവസ്ഥയുണ്ടാക്കിയത്. ജില്ലയിലെ മത്സ്യച്ചന്തകളിൽ പച്ചമത്സ്യം സുലഭമല്ല. അഥവ വന്നാൽ അതിന് തീപിടിച്ച വിലയും. വള്ളങ്ങളെല്ലാം കരക്കുെവച്ച് കടലിലേക്ക് നോക്കിയിരിക്കുന്ന തൊഴിലാളികളും വള്ളത്തിന് അറ്റകുറ്റപ്പണി നടത്തുന്നവരും മത്സ്യക്കച്ചവടം നടത്താൻ കഴിയാതെ വീടുകളിൽ ഇരിക്കുന്ന സ്ത്രീകളും തീരമേഖലയിലെ പതിവ് കാഴ്ചയായി. പച്ചമത്സ്യം കിട്ടാതായതോടെ ഉണക്കമത്സ്യത്തിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. അതേസമയം, മറ്റു ജില്ലകളിലെ ഹാർബറുകളിൽനിന്ന് ആലപ്പുഴയിലെ വിവിധ ചന്തകളിൽ മത്സ്യം എത്തിക്കുന്നുണ്ട്. അതിൽ പഴക്കം ചെന്നവയുമുണ്ട്. മത്തിയാണ് അതിൽ കൂടുതൽ. കടൽ പ്രക്ഷുബ്ധമായതിനാൽ തീരക്കടലിൽ വലയെറിഞ്ഞ് മത്സ്യം പിടിച്ചുവന്നിരുന്നവർക്കും രക്ഷയില്ലാതായി. വേനൽമഴ നൽകിയ ദുരിതദിനങ്ങൾ തള്ളിനീക്കുകയാണ് തൊഴിലാളികൾ. അമ്പലപ്പുഴ തീരത്ത് കടൽക്ഷോഭം ശക്തം അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമായി. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച കടൽക്ഷോഭം വൈകീട്ടോടെ ശക്തിപ്രാപിച്ചു. തോട്ടപ്പള്ളി മുതൽ വണ്ടാനം വരെ കടൽ ശക്തമാണ്. നിരവധി വീടുകൾ തകർച്ചഭീഷണി നേരിടുന്നു. കടൽഭിത്തിയില്ലാത്തതും കടൽഭിത്തി തകർന്നതുമായ പ്രദേശങ്ങളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തീരത്തോട് ചേർന്നുള്ള വീടുകൾ ഏതുനിമിഷവും നിലംപൊത്തുമെന്ന ആശങ്കയിലാണ്. തീരപ്രദേശത്തെ നിരവധി റോഡുകളും വെള്ളത്തിലായി. കനത്ത മഴക്കൊപ്പം കടലാക്രമണംകൂടി ശക്തമായതോടെ തീരദേശത്തെ ജീവിതം ദുരിതപൂർണമായി. കടൽ ശക്തമാണെങ്കിലും ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത് ആലപ്പുഴ: കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ ഇൗ മാസം 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.