മൂവാറ്റുപുഴ: കനത്തമഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടുയർന്നതോടെ ഗതാഗതം താറുമാറായി. എം.സി റോഡ് കടന്നുപോകുന്ന അരമന ജങ്ഷൻ, വാഴപ്പിള്ളി, പേഴയ്ക്കാപിള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടുയർന്നത്. ശിവൻ കുന്നിൽ നിന്നടക്കം ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ കെട്ടികിടക്കുന്നതാണ് അരമന ജങ്ഷനിൽ വെള്ളക്കെട്ടുയരാൻ കാരണം. നേരേത്ത ഇവിടെയുണ്ടായിരുന്ന തോട് മൂടിയതോടെയാണ് പ്രശ്നം രൂക്ഷമായത്. നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടങ്ങൾ നിർമിച്ചതോടെ തോട് കെട്ടിടങ്ങൾക്കടിയിൽപെട്ടു പോകുകയായിരുന്നു. ഞായറാഴ്ച പെയ്ത മഴയിൽ രണ്ടടിയിലേറെ വെള്ളം ഉയർന്നിരുന്നു. 2005ൽ കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനം പൂർത്തിയായതോടെയാണ് വാഴപ്പിള്ളി, പേഴയ്ക്കാപിള്ളി മേഖല വെള്ളക്കെട്ടിെൻറ പിടിയിൽ അമർന്നത്. ഓട നിർമാണത്തിൽ വന്ന അപാകതയായിരുന്നു ഈ മേഖലകളെ ദുരിതത്തിലെത്തിച്ചത്. റോഡ് നിർമാണം പൂർത്തിയായ വർഷത്തെ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുയർന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. അന്ന് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയും എം.എൽ.എയുമടക്കമുള്ളവർ ഉറപ്പു നൽകിയെങ്കിലും ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. വെള്ളക്കെട്ട് പ്രശ്നം പൊതുമരാമത്ത് വകുപ്പ് കണ്ടിെല്ലന്ന് നടിക്കുകയാണ്. മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നിലാണ് അരമന ജങ്ഷൻ. ഇവിടെയുണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കുകയും ഓടകളിലെ മണ്ണും കല്ലും നീക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും ഇതിനൊന്നും അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.