ഗവ. കോളജിെൻറ പേരിൽ പെരുവഴിയിലായത് 62 വിദ്യാർഥികൾ

* എളങ്കുന്നപ്പുഴ സർക്കാർ ന്യൂ എൽ.പി സ്കൂൾ മാറ്റിയിട്ട് ഒമ്പതുമാസം * കോളജ് നിർമാണം എങ്ങുമെത്തിയില്ല; പ്രതിഷേധവുമായി രക്ഷിതാക്കൾ കൊച്ചി: സ്കൂൾ തുറക്കാൻ ഇനി ആഴ്ചകൾ മാത്രം. പുത്തൻ ബാഗും കുടയുമെല്ലാം വാങ്ങുന്ന തിരക്കിലാണ് എല്ലാവരും. എന്നാൽ, വൈപ്പിൻ എളങ്കുന്നപ്പുഴ സർക്കാർ ന്യൂ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂൾ തുറക്കുന്ന കാര്യം ആലോചിക്കാനേ ഭയമാണ്. ഗവ. കോളജ് വരുന്നുണ്ടെന്ന് പറഞ്ഞ് സ്വന്തം സ്കൂളിൽനിന്ന് ഇവരെ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് മാറ്റിയിട്ട് ഒമ്പത് മാസമായി. ഹൈസ്കൂളിലെ ചെറിയ കുടുസ്സുമുറികളിൽ ബുദ്ധിമുട്ടിയാണ് ഇത്രയും നാളും പഠിച്ചത്. ഒരു ക്ലാസ്മുറി രണ്ടും മൂന്നുമായി ഭാഗിച്ചിരിക്കുന്നു. അധ്യാപകർക്കുപോലും നിന്നുതിരിയാൻ ഇടമില്ല. കടുത്ത വേനലിൽ ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികൾ ദിവസങ്ങൾ തള്ളിനീക്കിയത്. മൂത്രമൊഴിക്കാൻ പോകാനോ ഭക്ഷണം കഴിച്ചാൽ കൈകഴുകാനോ ഇവർക്ക് പറ്റുന്നില്ല. ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടിയാണ് മൂത്രപ്പുരയും കൈകഴുകുന്ന സ്ഥലങ്ങളും നിർമിച്ചിരിക്കുന്നത്. ഇത് എൽ.കെ.ജി മുതൽ നാലുവരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. രക്ഷിതാക്കളെപോലും അറിയിക്കാതെയാണ് സ്കൂൾ മാറ്റിയതെന്ന് പി.ടി.എ പ്രസിഡൻറ് സി.ഡി. അനിൽ കുമാർ പറഞ്ഞു. കോളജി​െൻറ നിർമാണത്തെപ്പറ്റിയും ക്ലാസ് മാറ്റിയതിനെ സംബന്ധിച്ചും വിശദീകരിക്കാൻ യോഗം വിളിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എക്ക് കത്ത് നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അനിൽകുമാർ പറഞ്ഞു. സ്കൂളി​െൻറ ദുരവസ്ഥ കാരണം ഈ വർഷം കുട്ടികളെ ചേർക്കാൻ അധ്യാപകർ മടിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ സ്കൂൾ അടച്ചുപൂട്ടുമെന്നും രക്ഷിതാക്കൾ പറയുന്നു. കോളജ് നിർമാണത്തിന് ടെൻഡർ ആയെന്നും മുഴുവൻ തുകയും കരാറുകാരന് കൊടുക്കുമെന്നും എം.എൽ.എയുടെ പി.എ പറഞ്ഞ അറിവ് മാത്രമാണ് രക്ഷിതാക്കൾക്കുള്ളൂ. ഇതുസംബന്ധിച്ച് എ.ഇ.ഒക്ക് വിവരാവകാശ നിയമപ്രകാരം കാര്യങ്ങൾ തിരക്കിയപ്പോൾ വിവരം ലഭ്യമല്ല എന്നാണ് മറുപടി ലഭിച്ചതെന്നും ഇവർ പറഞ്ഞു. സർക്കാർ സ്കൂൾ ഇല്ലാതാക്കാനുള്ള ഈ നടപടിക്കെതിരെ പൂർവവിദ്യാർഥികളെയും ജനങ്ങളെയും സംഘടിപ്പിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.