അരൂർ: കുടിവെള്ളം ശേഖരിക്കാന്‍ തെര്‍മോകോള്‍ ചങ്ങാടത്തില്‍ അഭിരാമി നടത്തുന്നത് സാഹസിക കായൽ യാത്ര. എഴുപുന്ന പഞ്ചായത്ത് ഒമ്പതാം വാർഡിെൻറ തീരപ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ശേഖരണത്തിനുള്ള പെടാപ്പാടിെൻറ നേർച്ചിത്രമാണിത്. കോടികള്‍ െചലവഴിച്ച് ആരംഭിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട തീരമേഖലയിലെ ദരിദ്ര ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍ക്ക് കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്. ജലാശയങ്ങളുടെ നടുവില്‍ ആയിട്ടും കുടിക്കാന്‍ യോഗ്യമായ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത പ്രദേശത്തെ ജീവിതം ദുരിതപൂർണമാണ്. പ്ലസ് വണ്‍ പരീക്ഷ എഴുതിയ അഭിരാമി ആറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് തെര്‍മോകോള്‍ ചങ്ങാടം ഉപയോഗിച്ച് അക്കരെയുള്ള ദ്വീപില്‍നിന്ന് കുടിവെള്ളം വീട്ടിലെത്തിക്കുന്ന കഠിനാധ്വാനം. അര കിലോമീറ്ററോളം ദൂരമുള്ള കായലും പാടവും കടന്നാണ് സാഹസിക യാത്ര. അഭിരാമിയുടെ വീട്ടില്‍ അമ്മയും അമ്മൂമ്മയും മാത്രമേയുള്ളൂ. ചെമ്മീന്‍ കമ്പനിയില്‍ കൂലിപ്പണിക്കാരിയായ അമ്മ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ്. അമ്മയുടെ സഹോദരെൻറ സഹായത്താലാണ് വീട്ടുചെലവും പഠനകാര്യങ്ങളും നടക്കുന്നത്. പഠനത്തോടൊപ്പം വീട്ടുനടത്തിപ്പിെൻറ ഭാരവും പതിനാറുകാരിയായ അഭിരാമിയുടെ ചുമലിലാണ്. കൂടാതെ, പ്രായമായ അമ്മൂമ്മയുടെ പരിചരണവും. ജില്ലയുടെ വടക്കന്‍ മേഖലയിലുള്ള എഴുപുന്ന പഞ്ചായത്തിെൻറ കിഴക്കുഭാഗത്താണ് ആരാലും ശ്രദ്ധിക്കപ്പെടാതെ 12 കുടുംബങ്ങളിലായി അമ്പതോളം പേരുടെ അരികുജീവിതം. അതിലൊരാളാണ് അഭിരാമി. കുടിവെള്ളത്തിനായുള്ള ഇവിടത്തുകാരുടെ അലച്ചിലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അഭിരാമി പറയുന്നു. ഗ്രാമസഭകള്‍ മുതല്‍ കലക്ടറേറ്റ് വരെ പറഞ്ഞും എഴുതിയും നല്‍കിയ നിവേദനങ്ങളും പരാതികളും ജലരേഖയായി. പഞ്ചായത്തിലെ ജനങ്ങളായിപ്പോലും ഇവരെ ആരും അംഗീകരിക്കുന്നില്ല. ഒരു പദ്ധതികളിലും ഇവരെ ഭാഗമാക്കാറില്ല. കായലിനോട് ചേര്‍ന്ന താഴ്ന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്തുപോലും വേലിയേറ്റത്തിൽ വീട്ടുമുറ്റത്തും ഉപ്പുവെള്ളം നിറയും. പ്രദേശത്തുള്ള ചെമ്മീന്‍ കമ്പനികളില്‍നിന്നും മറ്റു വ്യവസായശാലകളില്‍നിന്നും കായലിലേക്ക് തള്ളുന്ന മലിനജലവും മറ്റ് പാഴ്വസ്തുക്കളും നേരെ ഇവരുടെ വീട്ടുമുറ്റങ്ങളിലേക്കാണ് വരുന്നത്. മഴക്കാലത്ത് വീട്ടിനുള്ളില്‍ വരെ വെള്ളം കയറും. വിരുന്നുകാര്‍പോലും ഇങ്ങോട്ടുവരാന്‍ മടിക്കുന്നതായി ഇവിടത്തെ താമസക്കാർ പറയുന്നു. -കെ.ആർ. അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.