സൈക്കിൾ ഷെയറിങ് പദ്ധതി ഉദ്ഘാടനം ഇന്ന്

കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡ് മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ് പദ്ധതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ പരിസ്ഥിതി ദിനത്തില്‍ നഗരത്തിലെ യാത്രക്കാര്‍ക്കായി കെ.എം.ആര്‍.എല്‍ സൗജന്യ സൈക്കിള്‍ സവാരി പദ്ധതി തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പദ്ധതി മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ആതീസ് സൈക്കിള്‍ ക്ലബി​െൻറ നേതൃത്വത്തിൽ കൊച്ചി വണ്‍ കാര്‍ഡി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 8.30ന് എം.ജി റോഡ് മെട്രോ സ്റ്റേഷൻ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. ആതീസ് സൈക്കിള്‍ ക്ലബ് സ്ഥാപകന്‍ എം.എസ്. അതിരൂപ്, സ​െൻറർ ഫോർ പബ്ലിക് പോളിസി റിസർച് ചെയര്‍മാന്‍ ധനുരാജ് എന്നിവർ പങ്കെടുക്കും. ആദ്യ ഘട്ടത്തില്‍ എം.ജി റോഡ് മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ട് മെട്രോ സ്റ്റേഷനുകളിലേക്കായി 50 സൈക്കിളുകളാണ് സവാരിക്ക് നൽകുന്നത്. പദ്ധതി പിന്നീട് മറ്റ് സ്റ്റേഷനുകളിലും നടപ്പാക്കും. രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം 100 മണിക്കൂറോളം സൈക്കിളില്‍ സൗജന്യ സവാരി നടത്താം. പിന്നീടുള്ള യാത്രക്ക് കുറഞ്ഞ നിരക്ക് ഈടാക്കും. പദ്ധതിയുടെ പരീക്ഷണമെന്ന നിലയില്‍ കെ.എം.ആര്‍.എല്‍ കലൂര്‍ ബസ് സ്റ്റാൻഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത് പാലം, മേനക ഷൺമുഖം റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആതീസ് സൈക്കിള്‍ ക്ലബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് സൈക്കിളുകള്‍ വാടകക്ക് എടുക്കേണ്ടത്. സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന രജിസ്‌ട്രേഷനാണിത്. സൈക്കിള്‍ വാടകക്ക് എടുക്കുന്നതിന് RackCode Space Bicycle ID എന്ന ഫോര്‍മാറ്റില്‍ 96455 11155 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. റിട്ടേണ്‍ ചെയ്യുന്നതിന് ഇതേ രീതിയില്‍ 97440 11777 എന്ന നമ്പറിലേക്കും മെസേജ് അയക്കുകയാണ് ചെയ്യേണ്ടത്. മെംബര്‍ഷിപ് എടുക്കുന്നതിന് 96455 11155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി, ജോലി എന്നിവ എസ്.എം.എസ് അയക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.