തൊഴിലാളി-കർഷക ഐക്യ മുന്നേറ്റം അനിവാര്യം -പ്രഭാത് പട്നായിക് കൊച്ചി: മുതലാളിത്തത്തിൽനിന്ന് രക്ഷനേടാൻ തൊഴിലാളി-കർഷക ഐക്യത്തിെൻറ വിപ്ലവകരമായ മുന്നേറ്റം അനിവാര്യമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. പ്രഭാത് പട്നായിക്. കാൾ മാർക്സിെൻറ 200ാം ജന്മദിനത്തോടനുബന്ധിച്ച് ഇ.എം.എസ് പഠനകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ 'മാർക‌്സിസം മാർക‌്സിനുശേഷം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഗോള ധനമൂലധനം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 2008ലെ തകർച്ചയിൽനിന്ന് ഇനിയും കരകയറാനായിട്ടില്ല. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഫാഷിസം വളരുന്നത്. ഫാഷിസ്റ്റ് ശക്തികൾ പല രാജ്യത്തും അധികാരത്തിലേറിയിരിക്കുന്നു. നവ ലിബറൽ ഭരണകൂടത്തെ തങ്ങളുടെ രീതിയിലേക്ക് പരിവർത്തിപ്പിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്. അമേരിക്കയിൽ ട്രംപ‌് പറഞ്ഞത‌് പ്രശ‌്നങ്ങൾക്കെല്ലാം കാരണം ചൈനയാണെന്നാണ‌്. ഇന്ത്യയിലെ ഹിന്ദുത്വശക്തികളാകട്ടെ മുസ്ലിംകളെ പഴിക്കുന്നു. പ്രതിസന്ധി തരണം ചെയ്യാനുള്ള ഒരു പരിപാടിയും ഇവരുടെ പക്കൽ ഉണ്ടാകില്ല. ജനങ്ങളെ ദുരിതത്തിൽനിന്ന് മോചിപ്പിക്കാൻ പര്യാപ്തമായ ബദൽ അജണ്ട അവതരിപ്പിക്കാൻ ഇത് ഇടതുപക്ഷത്തിന് അവസരമൊരുക്കുന്നു. ഇന്ത്യയിൽ തൊഴിലാളി-കർഷക സഖ്യം രൂപപ്പെടുത്തി ഭരണകൂടത്തിെൻറ പ്രകൃതത്തിൽ മാറ്റംവരുത്താനുള്ള വിലപ്പെട്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസമൂഹം നിലനിൽക്കണമെങ്കിൽ മുതലാളിത്തം ഇല്ലാതാകണമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. 'മാർക‌്സും മുതലാളിത്ത പ്രതിസന്ധിയും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് സംഭവിക്കുന്ന ഓരോ സാമ്പത്തികപ്രശ്നങ്ങളും മുതലാളിത്തത്തിെൻറ അർഥശൂന്യതയാണ് വെളിവാക്കുന്നത്. മുതലാളിത്തം പരമാവധി ലാഭം തേടുമ്പോൾ തൊഴിലാളികളുടെ അധ്വാനഭാരം കൂടുകയും കൂലി കുറയുകയും ചെയ്യുന്നു. എന്നാൽ, ദീർഘകാലയളവിൽ മുതലാളിത്തം സ‌്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.