കൊച്ചി: ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരുകയെന്നത് സി.ബി.ഐയുടെ വിശ്വാസ്യതക്കുതന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന്് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. മൗലവിയുടെ ഘാതകരെ പിടികൂടണമെന്നും സി.ബി.ഐ അന്വേഷണസംഘത്തെ മാറ്റി നിയമിക്കണമെന്നും ആവശ്യപ്പെട്ട് സി.എം. അബ്ദുല്ല മൗലവിയുടെ കുടുംബവും കാസർകോട് കേന്ദ്രമായ ജനകീയ ആക്ഷൻ കമ്മിറ്റിയും കൊച്ചി സി.ബി.ഐ ഓഫിസിന് മുന്നിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ബി.ഐയുടെ വിശ്വാസ്യത അബ്ദുല്ല മൗലവിയുടെ മരണത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. എട്ട് വർഷമായിട്ടും അദ്ദേഹത്തെ അപകടപ്പെടുത്തിയവരെ കണ്ടെത്താൻ കഴിയുന്നില്ലെന്നത് ആശ്ചര്യകരമാണ്. ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തുന്ന പണ്ഡിതനായ അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന രീതിയിൽ കണ്ടെത്തുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നും പി.ടി. തോമസ് പറഞ്ഞു. അന്വേഷണം ഫലപ്രദമാക്കാൻ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കാസർകോടുനിന്ന് എത്തിയ ജനകീയ സമിതി നേതാക്കളും ബന്ധുക്കളും പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ സി.ബി.ഐ സൂപ്രണ്ടിന് കൈമാറി. ആക്ഷൻ കൗൺസിൽ ചെയർമാൻ ഡോ. കെ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.ഡി.പി സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, അബൂബക്കർ ഫൈസി, എ.എം. പരീത്, അബ്്ദുറഹ്മാൻകുട്ടി, പി.എം. ഫൈസൽ, സിയാദ് ചെമ്പറക്കി, ബക്കർ ഹാജി, ജലീൽ ആറ്റുമാവ്, സി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അബൂബക്കർ സിദ്ദീഖ് നദ്വി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.