കറ്റാനം: അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മകനും മരുമകനും ഈറോഡിൽ വാഹനാപകടത്തിൽ മരിച്ചത് ഒരു ഗ്രാമത്തിന് വേദനയായി മാറി. കൃഷ്ണപുരം കാപ്പിൽകിഴക്ക് തട്ടാരേത്ത് വീട്ടിൽ പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ് കാറിൽ നാട്ടിലേക്ക് തിരിച്ച മകൻ ശ്രീധരൻപിള്ള (65), സഹോദരി വിജയമ്മയുടെ ഭർത്താവ് മാവേലിക്കര വാത്തികുളം പൊന്നേഴ മുണ്ടകത്തിൽ വീട്ടിൽ വിജയൻപിള്ള (64) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിജയൻപിള്ളയും കുടുംബവും താമസിക്കുന്നത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന ശ്രീധരൻപിള്ളയും ഭാര്യ സുശീലയും നാസിക്കിൽ എത്തുകയായിരുന്നു. ശ്രീധരൻപിള്ളയുടെ മകൻ വിനീഷ്, ഡ്രൈവർ പത്തനംതിട്ട സ്വദേശി രാമചന്ദ്രകുമാർ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചയാണ് നാസിക്കിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. ബുധനാഴ്ച പുലർച്ച ഈറോഡിലെത്തിയപ്പോഴാണ് അപകടം. ഇവരുടെ വാഹനത്തിന് മുന്നേ സഞ്ചരിച്ചിരുന്ന റിക്കവറി വാൻ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്ത് നിർത്തിയതിനെ തുടർന്ന് പിന്നിൽ ഇടിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവർ നാട്ടിൽ വന്നുപോയത്. മൂന്ന് വർഷമായി അസുഖം ബാധിച്ച പാറുക്കുട്ടിയമ്മ രണ്ടുമാസമായി കിടപ്പിലായിരുന്നു. ഈ മാസം 11ന് വിജയൻപിള്ളയുടെ മകൻ വിനീഷിെൻറ മകളുടെ ചോറൂണിന് എല്ലാവരും കൂടി എത്താനിരിക്കെയാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. പാറുക്കുട്ടിയമ്മക്ക് ആറ് മക്കളാണ്. ഭർത്താവ് കുഞ്ഞുപിള്ള വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ശ്രീധരൻപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് നടക്കും. വിജയൻപിള്ളയുടെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വാത്തിക്കുളങ്ങരയിലെ വസതിയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.