മട വീണു; എ.സി റോഡിൽ വീണ്ടും വെള്ളപ്പൊക്കം

കുട്ടനാട്: മട വീണതിനെത്തുടർന്ന് എ.സി റോഡിൽ വീണ്ടും വെള്ളപ്പൊക്കം. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് റോഡിൽ വെള്ളം കയറിയത്. ഇത്തവണ നെടുമുടി പാലത്തിന് കിഴക്കാണ് വെള്ളം കയറിയത്. കഴിഞ്ഞദിവസം രാവിലെ മുതലാണ് നസ്രത്ത് ജങ്ഷനും മങ്കൊമ്പ് പാർട്ടി ഓഫിസ് ജങ്ഷനും ഇടയിൽ 100 മീറ്ററോളം സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ ഏറ്റവും കൂടുതൽ താഴ്ചയുള്ള സ്ഥലത്ത് പകൽ ഒരടിയോളം വെള്ളം കയറും. വേലിയേറ്റ സമയങ്ങളിൽ ഇത് ഒന്നര മുതൽ രണ്ടടിവരെ ഉയരാൻ സാധ്യതയുണ്ട്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചിറക്കുമുഖം പാടശേഖരത്തിൽ മടവീഴ്ചയുണ്ടായതാണ് റോഡിൽ വെള്ളം കയറാൻ കാരണം. പാടശേഖരത്തിലെ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന മോട്ടോർതറയിലാണ് മട വീണത്. രണ്ടാം കൃഷിയുടെ ഒരുക്കത്തിന് മോട്ടോർതറയുടെ പെട്ടിയും പറയും കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. പെട്ടിയുടെ മുൻവശത്ത് ബണ്ട് നിർമിച്ചെങ്കിലും തണ്ണീർമുക്കം ബണ്ട് തുറന്നതോടെയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ ബണ്ട് തള്ളിപ്പോവുകയായിരുന്നു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസ്സവും നേരിടുന്നുണ്ട്. അപ്രതീക്ഷിതമായി റോഡിൽ വെള്ളം കണ്ടതോടെ റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ പകച്ചുപോകുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. റോഡിൽ എത്ര ഉയരത്തിൽ വെള്ളമുണ്ടെന്ന് അറിയാൻ സാധിക്കാത്തതിനാൽ വാഹനം വെള്ളത്തിലിറക്കാൻ പലരും മടിക്കുന്നു. ഇതും ഗതാഗത തടസ്സമുണ്ടാക്കുന്നു. റോഡ് പരിചയമുള്ള പ്രദേശവാസികൾ‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചുപോകുമ്പോഴാണ് പരിചയമില്ലാതെ വാഹനം നിർത്തിയിട്ട പലരും വാഹനം വെള്ളത്തിൽ ഇറക്കാൻ തയാറാകുന്നത്. രാത്രിയിൽ വേലിയറ്റമുള്ളതിനാൽ വെള്ളക്കെട്ട് കൂടാനാണ് സാധ്യത. വെളിച്ചക്കുറവും വെള്ളം ഉയരുന്നതും കൂടുതൽ ഗതാഗത തടസ്സത്തിന് കാരണമായേക്കാം. പ്രധാനമായും ഇരുചക്രവാഹന യാത്രക്കാരെ വെള്ളക്കെട്ട് പ്രതികൂലമായി ബാധിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഡുംബി സേവസംഘം കലക്ടറേറ്റ് മാർച്ച് നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുഡുംബി സേവസംഘം അമ്പലപ്പുഴ, ചേർത്തല താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കുഡുംബി സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്രസർക്കാറിന് ശിപാർശ ചെയ്യുക, കേന്ദ്രസർക്കാർ ഒ.ബി.സി വിഭാഗത്തെ ഉപവിഭാഗങ്ങളായി വിഭജിക്കുമ്പോൾ കുഡുംബി സമുദായത്തെ ഏറ്റവും പിന്നാക്ക വിഭാഗമായി പരിഗണിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. തിങ്കളാഴ്ച രാവിലെ ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറ് ജി. രാജൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ, കുഡുംബി സേവസംഘം സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് എ. അനിൽ, സംസ്ഥാന സെക്രട്ടറി എം. രമേശ്, ചേർത്തല താലൂക്ക് യൂനിയൻ പ്രസിഡൻറ് സി.എൻ. നവീൻ കുമാർ, അമ്പലപ്പുഴ താലൂക്ക് യൂനിയൻ സെക്രട്ടറി ബിജു കൃഷ്ണൻ, സംസ്ഥാന ബോർഡ് അംഗം പി.ജി. കണ്ണപ്പൻ, കുഡുംബി മഹിള സേവസംഘം ചേർത്തല താലൂക്ക് യൂനിയൻ പ്രസിഡൻറ് വിലാസിനി ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി. നേതൃപരിശീലന ക്യാമ്പ് അമ്പലപ്പുഴ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃപരിശീലന ക്യാമ്പ് സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, കെ. സരോജിനി, ഗീത കൊമ്മേരി എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ് സ്വാഗതവും സെക്രട്ടറി വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.