ആലപ്പുഴ കടപ്പുറത്ത് മാലിന്യനീക്കം നിലച്ചു; പ്ലാസ്​റ്റിക്​ അടക്കം കത്തിക്കുന്നത് പതിവായി

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് മാലിന്യനീക്കം നിലച്ചു. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടക്കം ഭക്ഷണ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് തടയാൻ കത്തിച്ചുകളയുകയാണ് പതിവ്. ഭക്ഷണശാലകളിൽനിന്നുള്ള മാലിന്യങ്ങളാണ് കൂടുതലും. ഒരു വശത്ത് സ്വച്ഛ് സർവേക്ഷൺ മിഷനുമായി നഗരസഭയും ജില്ല ഭരണകൂടവും മുന്നോട്ടുപോകുമ്പോഴാണ് ഇതിന് കടകവിരുദ്ധമായി മാലിന്യ നിക്ഷേപവും അശാസ്ത്രീയ സംസ്കരണവും നടക്കുന്നത്. കടപ്പുറത്തെ മാലിന്യ പ്രശ്നം നിരവധി തവണ നഗരസഭ യോഗത്തിൽ ചർച്ച വിഷയമായിട്ടുണ്ട്. എന്നിട്ടും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ആരോഗ്യ വിഭാഗത്തിന് കഴിയുന്നില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് മാലിന്യ നീക്കത്തിനുള്ള ഉത്തരവാദിത്തമെന്നാണ് നഗരസഭ നിലപാട്. മുമ്പ് മാലിന്യം തള്ളൽ മാത്രമായിരുന്നു. ഇത് യഥാവിധം സംസ്കരിക്കാൻ കഴിയാതെവന്നതോടെയാണ് ശുചീകരണ തൊഴിലാളികൾ കത്തിക്കാൻ തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് വൻ ആരോഗ്യ പ്രശ്നത്തിന് ഇടയാക്കുമെന്ന് ശുചീകരണ തൊഴിലാളികൾക്ക് അറിയാമെങ്കിലും വേറെ മാർഗമില്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം, മാലിന്യനീക്കം ഉടൻ ആരംഭിക്കുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. എക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണം -സി.പി.എം മാരാരിക്കുളം: എക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ. എക്സൽ ഗ്ലാസ് ഫാക്ടറിക്ക് മുന്നിൽ സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൺെവൻഷനും ആക്ഷൻ കൗൺസിൽ രൂപവത്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി കെ.ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജേഷ് ജോസഫ്, കെ.ആർ. ഭഗീരഥൻ, എൻ.പി. സ്നേഹജൻ, ആർ. റിയാസ്, ഷീന സനൽകുമാർ എന്നിവർ സംസാരിച്ചു. കെ.ഡി. മഹീന്ദ്രനെ ചെയർമാനായും രാജേഷ് ജോസഫ് കൺവീനറായും ആർ. നാസറിനെ രക്ഷാധികാരിയുമായി 57 അംഗ ആക്ഷൻ കൗൺസിലിനെ കൺെവൻഷൻ തെരഞ്ഞെടുത്തു. ഒരു മാസമായി ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ എല്ലാ ഞായറാഴ്ചകളിലും കമ്പനിപ്പടിക്കൽ ഒത്തുചേർന്ന് പ്രതിഷേധിക്കുകയാണ്. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുക, കമ്പനി സർക്കാർ ഏറ്റെടുക്കുക, റിട്ടയർ ചെയ്ത തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. സമരത്തിന് പിന്നിൽ മന്ത്രിയും സി.പി.എമ്മുമായുള്ള ഒത്തുകളി -കോൺഗ്രസ് മാരാരിക്കുളം: എക്സൽ ഗ്ലാസ് സമരത്തിന് പിന്നിൽ മന്ത്രി തോമസ് ഐസക്കും സി.പി.എമ്മും നടത്തുന്ന ഒത്തുകളിയെന്ന് കോൺഗ്രസ് പാതിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ടുമാസത്തിനകം എക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്നുപ്രവർത്തിപ്പിക്കുമെന്ന് പ്രക‍ടനപത്രികയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് ഫാക്ടറി തുറക്കാൻ സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. സി.പി.എമ്മി​െൻറ സമരം സർക്കാറിനും മന്ത്രി തോമസ് ഐസക്കിനും എതിരെയാണോയെന്ന് വ്യക്തമാക്കണമെന്നും സർക്കാർ അടിയന്തരമായി എക്സൽ ഗ്ലാസ് ഫാക്ടറി പ്രവർ‍ത്തിപ്പിക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എ. ലിയോൺ അധ്യക്ഷത വഹിച്ചു. എൻ. ചിദംബരൻ, ടി.വി. ആനന്ദൻ, സി.കെ. വിജയകുമാർ, വി. യശോധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.