സുരക്ഷ ഉറപ്പാക്കാതെ ആറാട്ടുപുഴയിൽ വീണ്ടും റോഡ് നിർമാണം

ആറാട്ടുപുഴ: ദശലക്ഷങ്ങൾ െചലവഴിച്ച് നിർമിച്ച റോഡ് ആഴ്ചകൾക്കുള്ളിൽ കടലെടുത്തതി​െൻറ അനുഭവം മറന്ന് സുരക്ഷ ഉറപ്പാക്കാതെ പൊതുമരാമത്ത് വകുപ്പ് വീണ്ടും റോഡ് നിർമിക്കുന്നു. തൃക്കുന്നപ്പുഴ--വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് വരെയുള്ള നിർമാണമാണ് കടലാക്രമണ പ്രതിരോധം ശക്തിപ്പെടുത്താതെ വീണ്ടും നടത്തുന്നത്. ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള 570 മീറ്റർ സ്ഥലത്ത് 80 ലക്ഷം െചലവഴിച്ച് 2016 മാർച്ചിൽ നിർമിച്ച റോഡ് നിർമാണത്തി​െൻറ അവസാനഘട്ടത്തിൽ കടലെടുത്തുപോയിരുന്നു. ഇവിടെ കടലും റോഡും തമ്മിൽ കടൽഭിത്തിയുടെ അകലം മാത്രമാണുള്ളത്. ചെറിയ കടലാക്രമണത്തിൽപോലും തിരമാലകൾ റോഡിലാകും പതിക്കുക. അതിനാൽ അറ്റകുറ്റപ്പണിപോലും വർഷങ്ങളായി ഇവിടെ നടത്തിയിരുന്നില്ല. ശക്തമായ കടലാക്രമണ പ്രതിരോധ നടപടികൾക്കുശേഷം മാത്രേമ ഇവിടെ റോഡ് നിർമാണം നടത്താൻ കഴിയൂ എന്ന നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. കടൽഭിത്തി കെട്ടിയിട്ട് റോഡ് നിർമിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു തീരവാസികളും. ഇതിനിടെയാണ് 80 ലക്ഷം മുടക്കി കാലവർഷത്തിന് തൊട്ടുമുമ്പ് 2016 മാർച്ചിൽ പൊതുമരാമത്ത് വകുപ്പ് ഇവിടെ റോഡ് നിർമാണത്തിന് അനുമതി നൽകുന്നത്. ആഴ്ചകൾ കഴിയുമ്പോൾ കടൽ പ്രക്ഷുബ്ധമാകുമെന്നും റോഡ് തകരുമെന്നും തീരവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അധികാരികൾ ചെവിക്കൊണ്ടില്ല. ദേശീയ ഗുണനിലവാരം ഉറപ്പുവരുത്തി നിർമിച്ച റോഡാണ് നിർമാണത്തി​െൻറ അവസാനത്തിൽ തകർന്നിടിഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വികസന നേട്ടങ്ങളുടെ പട്ടികയിൽ റോഡ് നിർമാണം ഉൾപ്പെടുത്താൻ രാഷ്ട്രീയക്കാർ നടത്തിയ സമ്മർദങ്ങൾക്ക് മുന്നിൽ പൊതുമരാമത്ത് വകുപ്പ് വഴങ്ങുകയായിരുന്നു എന്നാണ് ആക്ഷേപം. രാഷ്ട്രീയക്കാരുടെ സ്വാർഥ താൽപര്യത്തിന് പൊതുമരാമത്ത് അധികൃതർ കൂട്ടുനിന്നതി​െൻറ ദുരിതം പിന്നീട് പേറിയത് തീരവാസികളായിരുന്നു. ഓഖി ദുരന്തത്തിൽ റോഡ് പൂർണമായും തകർന്നു. നിലവിെല കടൽഭിത്തി ശക്തിപ്പെടുത്തിയും ശാസ്ത്രീയമായി പുലിമുട്ടുകൾ കെട്ടിയും തീരം സംരക്ഷിച്ചശേഷം റോഡ് നിർമിച്ചാൽ മതിയെന്ന നിലപാടിലുറച്ച്, അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കാതെയും ഗതാഗതം വിലക്കിയും ആഴ്ചകളോളം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജലസേചന വകുപ്പ് അധികാരികളും കലക്ടറും അടക്കമുള്ളവർ കടലാക്രമണ പ്രതിരോധം ഉടൻ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുനൽകിയശേഷമാണ് താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. മുമ്പ് റോഡ് നിർമിച്ച മാർച്ച് മാസത്തിൽത്തന്നെയാണ് ഇപ്പോഴും റോഡ് നിർമാണം നടക്കുന്നത്. നിർമാണം ഇപ്പോൾ അവസാനഘട്ടത്തിലാണ്. റോഡരിക് കരിങ്കല്ലടുക്കി ബലപ്പെടുത്തുന്നതിന് വലിയഴീക്കൽ-ബസ് സ്റ്റാൻഡ് റോഡ് നിർമാണത്തി​െൻറ ഭാഗമായി കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. കല്ല് അടുക്കിയതല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടും കോൺക്രീറ്റ് ചെയ്തിട്ടില്ല. കടലാക്രമണ വേളകളിൽ കല്ലുകൾ റോഡിലേക്ക് തെറിച്ച് ഗതാഗതം തടസ്സപ്പെടാൻ ഇത് കാരണമാകുന്നു. സുരക്ഷ കാര്യത്തിൽ ഒരു മാറ്റവും വരുത്താതെ എന്ത് ഉറപ്പിലാണ് ലക്ഷങ്ങൾ മുടക്കി റോഡ് നിർമിക്കുന്നതെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ പൊതുമരാമത്ത് അധികാരികൾക്ക് ഉത്തരമില്ല. 80 ലക്ഷം രൂപയുടെ റോഡ് നിർമാണ ഘട്ടത്തിൽ തകർന്നതി​െൻറ കാരണത്തെക്കുറിച്ച് അന്വേഷണം നടത്താനും അധികാരികൾ തയാറായില്ലെന്ന് നാട്ടുകാർ പറ‍യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.