കുടിവെള്ള വിതരണത്തിന് തനത് ഫണ്ട്; ഉത്തരവ് വരുമെന്ന് മന്ത്രിമാർ

ആലപ്പുഴ: കുടിവെള്ള വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും പദ്ധതിവിഹിതവും ഉപയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവ് താമസിയാതെ നൽകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജലവിഭവ മന്ത്രി മാത്യു ടി. തോമസും വ്യക്തമാക്കി. വേനൽക്കാലത്ത് ശുദ്ധജല വിതരണത്തിൽ പരാതികൾ പരമാവധി കുറക്കാൻ കലക്ടർമാരുടെ നിരന്തര ഇടപെടലുണ്ടാകണമെന്നും ഇരുവരും നിർദേശിച്ചു. വേനൽക്കാല മുന്നൊരുക്കത്തി​െൻറ ഭാഗമായി ജലവിതരണം സംബന്ധിച്ച് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിളിച്ച വിഡിയോ കോൺഫറൻസിലാണ് മന്ത്രിമാരുടെ നിർദേശം. ഈ വർഷം വേനൽക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യാൻ ജില്ലക്ക് നാലുകോടി രൂപ ആവശ്യമായി വരുമെന്ന് കലക്ടർ ടി.വി. അനുപമ പറഞ്ഞു. കഴിഞ്ഞ വർഷം 4.6 കോടി രൂപ അനുവദിച്ചതിൽ 3.58 കോടി രൂപ ചെലവായി. വിവിധ ഭാഗങ്ങളിലായി 529 കുടിവെള്ള കിയോസ്കുകളിൽ രണ്ടെണ്ണം ഒഴികെ എല്ലാം പ്രവർത്തിക്കുന്നുണ്ട്. കാർത്തികപ്പള്ളി താലൂക്കിന് 26 കിയോസ്കുകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. ജില്ലയിലൂടെയുള്ള കെ.എൽ.പി, പി.ഐ.പി കനാലുകളിൽ വെള്ളത്തി​െൻറ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പുളിക്കീഴ്, കാവുംഭാഗം എന്നിവിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ബണ്ട് നിർമിച്ചു. 30 കേന്ദ്രങ്ങളിൽ വൈദ്യുതി ബോർഡ് കണക്ഷൻ വിച്ഛേദിക്കാൻ നോട്ടീസ് നൽകിയത് പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് കലക്ടർ ധരിപ്പിച്ചു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിതലത്തിൽ തീരുമാനമുണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു. കൂടുതൽ പമ്പുസെറ്റുകൾ വെക്കാനുള്ള നടപടികൾ ഏപ്രിൽ 15നകം പൂർത്തിയാക്കാനും അവർ നിർദേശിച്ചു. നെൽകൃഷിയിൽ കുട്ടനാടി​െൻറ പരിസ്ഥിതി പുനഃസ്ഥാപനംകൂടി പരിഗണിക്കണം -മന്ത്രി തണ്ണീർമുക്കം ബണ്ട് 2020ൽ ഒരുവർഷം തുറന്നിടണം ആലപ്പുഴ: കുട്ടനാടിന് ഏറ്റവും യോജിച്ചത് നെൽകൃഷി തന്നെയാണെന്നും എന്നാൽ, അത്തരം ചർച്ചകൾ കുട്ടനാടി​െൻറ പരിസ്ഥിതി പുനഃസ്ഥാപനമെന്ന വലിയ കാൻവാസിൽ വേണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. നെൽകൃഷിയിൽ ഉത്തമ പരിപാലന മുറകൾ പദ്ധതിയും മികച്ച കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡ് വിതരണവും ജൈവകാർഷിക സമ്മേളനവും പൊങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തണ്ണീർമുക്കം ബണ്ട് 2020ൽ ഒരുവർഷം തുറന്നിടണമെന്ന് ആഗ്രഹമുണ്ട്. ഇതുമൂലം നെൽകൃഷിക്ക് ഉണ്ടാകുന്ന എല്ലാ നഷ്ടവും സർക്കാർ വഹിക്കാൻ തയാറാണ്. അതുവഴി കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകി കടലിലേക്കുപോയി നാട് ശുദ്ധീകരിക്കപ്പെടും. പക്ഷേ, അതിനുമുമ്പ് കുട്ടനാടിനെ സംബന്ധിച്ച മാസ്റ്റർ പ്ലാൻ തയാറാക്കണം. അതിൽ പുതിയ കാർഷിക കലണ്ടർ, കുടിവെള്ള പ്രശ്നം, തോടുകളുടെ പുനരുദ്ധാരണം തുടങ്ങി പല കടമ്പകളുണ്ട്. കുട്ടനാടി​െൻറ പരിസ്ഥിതി വീണ്ടെടുക്കൽ എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ പടിപടിയായി നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് അധ്യക്ഷത വഹിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ ജോയിക്കുട്ടി ജോസ്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു പഞ്ഞിമരം, ശ്രീദേവി രാജേന്ദ്രൻ, കൃഷി െഡപ്യൂട്ടി ഡയറക്ടർ ഷേർളി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലതലത്തിൽ കൃഷി വിജ്ഞാപന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ കൃഷി അസി. ഡയറക്ടർ, കൃഷി ഓഫിസർ, കൃഷി അസിസ്റ്റൻറ് എന്നിവർക്ക് അവാർഡ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.