നോക്കുകൂലി; ചുമട്ടുതൊഴിലാളികളുടെ കാര്‍ഡ് തൊഴില്‍ വകുപ്പ് റദ്ദാക്കി

കാക്കനാട്: ദലിത് കോളനിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളിലേക്ക് കൊണ്ടുവന്ന നിര്‍മാണ സാമഗ്രികള്‍ ഇറക്കാൻ നോക്കുകൂലി വാങ്ങിയ ചുമട്ടുതൊഴിലാളികളുടെ ഹെഡ്‌ലോഡ് കാര്‍ഡ് റീജനല്‍ ലേബര്‍ കമീഷണര്‍ റദ്ദാക്കി. എടക്കാട്ടുവയല്‍ പട്ടികവര്‍ഗ കോളനിയിലെ വീടുകളുടെ നിര്‍മാണത്തിന് ടിപ്പറില്‍ കൊണ്ട് വന്ന ഇഷ്ടിക ഇറക്കാൻ നോക്കുകൂലി വാങ്ങിയ ലോഡിങ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) തൊഴിലാളികളാണ് ജില്ല ലേബര്‍ ഓഫിസറുടെ പരിശോധനയില്‍ കുടുങ്ങിയത്. പൂള്‍ നമ്പര്‍ 27ല്‍ പ്പെട്ട 13 തൊഴിലാളികളുടെ ഹെഡ്‌ലോഡ് കാര്‍ഡാണ് റദ്ദാക്കിയത്. 900 രൂപയാണ് നോക്കുകൂലി വാങ്ങിയത്. കലക്ടര്‍ മുഹമ്മദ് വൈ.സഫീറുല്ലക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ കമീഷണര്‍ കെ.ശ്രീലാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ദലിത് കോളനിയിലേക്ക് ലോഡുമായി രണ്ടാമത്തെ പ്രാവശ്യം എത്തിയ ടിപ്പര്‍ തടഞ്ഞ് കൂലി വാങ്ങിയെന്നാണ് പരാതി. ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദ് സ്ഥലം സന്ദര്‍ശിച്ച് നടത്തിയ തെളിവെടുപ്പില്‍ നോക്കുകൂലി വാങ്ങിയതായി കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമാണ് നോക്കുകൂലി വാങ്ങിയതിന് തൊഴിലാളികള്‍ക്കെതിരെ തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മേയ് ഒന്ന് മുതല്‍ നോക്കുകൂലി നിരോധിക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.