കാറിൽ ടിപ്പറിടിച്ച്​ മരിച്ച യുവാവിനെതിരെ കേസെടുത്ത പൊലീസിന്​ ഹൈകോടതിയുടെ വിമർശനം

കൊച്ചി: മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ചതിനെത്തുടർന്ന് മരിച്ച യുവാവിനെതിരെ കേസെടുത്ത സംഭവത്തിൽ ഹൈകോടതിയുടെ വിമർശനം. മകൻ തോമസ് എം. കാപ്പൻ മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ കാഞ്ഞങ്ങാട് സ്വദേശി മാനുവൽ തോമസ് കാപ്പൻ നൽകിയ ഹരജിയിലാണ് ചങ്ങരംകുളം പൊലീസി​െൻറ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയത്. സ്വാധീനശക്തിയുള്ള നാട്ടുകാരൻകൂടിയായ ടിപ്പർ ലോറി ഡ്രൈവറെ രക്ഷിക്കാനാണ് ഇത്തരത്തിൽ കേസെടുത്തതെന്ന് ആരോപിച്ചാണ് മാനുവൽ കോടതിയെ സമീപിച്ചത്. ഡിസംബർ 31ന് പുലർച്ച മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുണ്ടായ അപകടത്തിലാണ് തോമസ് എം. കാപ്പൻ മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തോട് വിശദീകരണം തേടിയ ഹൈകോടതി, കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് 15നും ഹാജരാകാൻ നിർദേശിച്ചു. പിതൃസഹോദരിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് തോമസും കൂട്ടരും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. എതിരെ പാഞ്ഞുവന്ന ടിപ്പർ കാറിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസ് ജനുവരി ഒന്നിന് ചികിത്സയിലിരിക്കെ മരിച്ചു. എന്നാൽ, പൊലീസ് എഫ്.ഐ.ആർ തയാറാക്കിയപ്പോൾ കാർ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചാണ് അപകടമുണ്ടായതെന്ന് രേഖപ്പെടുത്തുകയായിരുന്നു. മരിച്ച തോമസിനെ പ്രതിയുമാക്കി. ബോധപൂർവമാണ് പൊലീസ് ഇത് ചെയ്തതെന്ന് ഹരജിയിൽ ആരോപിക്കുന്നു. സംഭവ ദിവസംതന്നെ പൊലീസിനെ അറിയിച്ചിട്ടും പിറ്റേന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മണൽ നീക്കി ലോറി റോഡരികിലേക്ക് മാറ്റിയിട്ടശേഷമാണ് പൊലീസ് പരിശോധനക്കെത്തിയത്. സംഭവസ്ഥലത്തില്ലാതിരുന്നയാളുടെ മൊഴി ആദ്യവിവരമായി സ്വീകരിച്ചാണ് എഫ്.െഎ.ആർ തയാറാക്കിയത്. സാക്ഷിമൊഴികൾ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും ഹരജിയിൽ പറയുന്നു. ശരിയായ അന്വേഷണത്തിന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.