സംസ്ഥാന ബാലാവകാശ കമീഷനോട്​ സർക്കാറിന്​ ചിറ്റമ്മനയം

കൊച്ചി: സംസ്ഥാന ബാലാവകാശ കമീഷനോട് സർക്കാറിന് ചിറ്റമ്മ നയം. മതിയായ അംഗങ്ങളോ ചെയർപേഴ്സനോ ഇല്ലാതെ കമീഷൻ പ്രവർത്തനങ്ങൾ ശുഷ്കമായി. ഏഴുപേർ വേണ്ട കമീഷനിൽ ആകെയുള്ളത് അഞ്ചുപേർ മാത്രം. ആക്ടിങ് ചെയര്‍പേഴ്സൻ സി.ജെ. ആൻറണിയും നാല് അംഗങ്ങളും. വയനാട്ടിൽനിന്നുള്ള ടി.ബി. സുരേഷ്, കാസർകോട്ടുനിന്നുള്ള ശ്യാമളദേവി എന്നിവരുടെ നിയമനം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് രണ്ട് ഒഴിവ് വന്നത്. കമീഷ​െൻറ പ്രവർത്തനം താളംതെറ്റിയതോടെ പരാതികൾ കുമിഞ്ഞുകൂടുകയാണ്. സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുന്നതിനിടെയാണ് കമീഷ​െൻറ പ്രവർത്തനം താളം തെറ്റിയത്. 2266 പരാതി കെട്ടിക്കിടക്കുന്നെന്നാണ് കണക്ക്. തിരുവനന്തപുരം -540, കൊല്ലം- 248, പത്തനംതിട്ട -90, ആലപ്പുഴ -130, കോട്ടയം -135, ഇടുക്കി -50, എറണാകുളം -172, തൃശൂര്‍ -154, പാലക്കാട്-115, മലപ്പുറം -176, കോഴിക്കോട് -177, വയനാട് -48, കണ്ണൂര്‍ -125, കാസര്‍കോട് -106 എന്നിങ്ങനെയാണ് ജില്ല അടിസ്ഥാനത്തിൽ കെട്ടിക്കിടക്കുന്ന പരാതികളുടെ എണ്ണം. കമീഷന്‍ പ്രവർത്തനം ആരംഭിച്ചതുമുതല്‍ 2016 മാര്‍ച്ച് 31വരെ 7484 പരാതിയാണ് ലഭിച്ചത്. എന്നാല്‍, 5218 എണ്ണത്തിൽ മാത്രമേ നടപടി സ്വീകരിച്ചിട്ടുള്ളൂ. സര്‍ക്കാറിന് താൽപര്യമുള്ളവരെ ഉള്‍പ്പെടുത്താനാണ് കമീഷൻ അംഗങ്ങളുടെ ഒഴിവിലേക്ക് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്ന് കാണിച്ച് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് കോടതിയെ സമീപിച്ചതിെനത്തുടർന്നാണ് രണ്ട് അംഗങ്ങളുടെ നിയമനം റദ്ദാക്കിയത്. എന്നാൽ, ഇതിനെതിരെ അപ്പീൽ നടപടികൾക്ക് സർക്കാർ മുതിർന്നില്ല. 2016 നവംബര്‍ 30 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍, 2017 ജനുവരി 10ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതി നീട്ടിയതായി ചൂണ്ടിക്കാട്ടി ഡോ. ജാസ്മിൻ കോടതിയെ സമീപിച്ചു. സുരേഷിനും ശ്യാമളദേവിക്കും പകരം ആദ്യ വിജ്ഞാപനപ്രകാരം തയാറാക്കിയ പട്ടികയില്‍നിന്ന് രണ്ടുപേരെ നിയമിക്കാനായിരുന്നു കോടതി നിർദേശം. മന്ത്രി സദുദ്ദേശ്യപരമല്ലാത്ത രീതിയില്‍ അധികാരം വിനിയോഗിച്ചതായും കോടതി നിരീക്ഷിച്ചു. അംഗങ്ങൾക്ക് ജില്ലകൾ വീതിച്ചുനൽകിയാണ് കമീഷൻ പ്രവർത്തനം. അംഗങ്ങളില്ലാത്ത രണ്ട് ജില്ലകളുടെ ചുമതല മറ്റുള്ളവരാണ് വഹിക്കുന്നത്. ചെയർപേഴ്സനായിരുന്ന ശോഭാ കോശി മാർച്ച് ആദ്യം വിരമിച്ചു. ഇൗ തസ്തികയിലേക്കും നിയമനം ഇഴയുകയാണ്. ബിനോയ് തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.