പാചകവാതക അദാലത്; കുട്ടനാട്ടിൽ പരാതിപ്പെരുമഴ

ആലപ്പുഴ: കുട്ടനാട്ടിൽ സമയത്ത് ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതും എത്തിക്കുന്നവർ കൂടുതൽ തുക ആവശ്യപ്പെടുന്നതുമായ നിരവധി പരാതി ജില്ലതല പാചകവാതക അദാലത്തിൽ ഉയർന്നു. ഇവ ഒരോന്നും കൃത്യമായി പരിശോധിച്ച് അടിയന്തരമായി പരിഹാരം കാണാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരാതികൾ പരിശോധിച്ച് പരിഹാരം നിർദേശിക്കുന്ന റിപ്പോർട്ട് ജില്ല സപ്ലൈ ഓഫിസർക്ക് കൈമാറാൻ കുട്ടനാട് താലൂക്ക് സപ്ലൈ ഒാഫിസറെ യോഗം ചുമതലപ്പെടുത്തി. സിലിണ്ടർ കയറ്റിയിറക്കാനുള്ള വള്ളചാർജ് ഇതുവരെ കുട്ടനാട്ടിൽ ക്രമീകരിച്ചിട്ടില്ല. ചാർജ് തീരുമാനിക്കാൻ അടിയന്തരമായി ഇടപെടുമെന്ന് ഡെപ്യൂട്ടി കലക്ടർ അതുൽ എസ്. നാഥ് യോഗത്തിൽ പറഞ്ഞു. മൂന്നുമാസം കൂടുമ്പോൾ താലൂക്കുതല പാചകവാതക അദാലത് നടത്തി പരാതികൾ തുടക്കത്തിൽതന്നെ തീർക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ ഹരിപ്രസാദ് പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർമാർ എല്ലാമാസവും പരിശോധന നടത്തി റിപ്പോർട്ട് ഡി.എസ്.ഒക്ക് നൽകണം. അക്കൗണ്ടിൽ സബ്സിഡി തുക ലഭിക്കുന്നിെല്ലന്ന പരാതിയിൽ ഗ്യാസ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി നേരിട്ട് ഉപഭോക്താക്കൾ സംസാരിക്കാൻ അവസരം നൽകി. എസ്.ബി.ഐ-എസ്.ബി.ടി ലയനശേഷം ആധാർ ലിങ്ക് ചെയ്യുന്നതിൽ വരുന്ന കാലതാമസമാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ഗ്യാസ് കമ്പനികളുടെ വക്താക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ല ലീഡ് ബാങ്ക് മാനേജർക്ക് വിവരം നൽകാൻ യോഗം തീരുമാനിച്ചു. കുട്ടനാട്ടിൽ നാലുമാസമായി സിലിണ്ടർ കിട്ടാത്ത പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താലൂക്ക് സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. ഗ്യാസ് സിലിണ്ടറിന് ലീക്ക് വരുന്നതായുള്ള പരാതി ഉയർന്നതിനെത്തുടർന്ന് പാചകവാതക കമ്പനികളുടെ അധികൃതർ യോഗത്തിൽ വിശദീകരണം നൽകി. കുറഞ്ഞ അളവിലുള്ള നിശ്ചിത ലീക്കേജ് പരിധി എല്ലാ സിലിണ്ടറുകൾക്കും ഉണ്ടെന്നും അതിനപ്പുറം ഉള്ളത് മാത്രമേ പ്രശ്നങ്ങളായി പരിഗണിക്കേണ്ടതുള്ളൂവെന്നും കമ്പനി അധികൃതർ പറഞ്ഞു. സിലിണ്ടർ എപ്പോൾ കിട്ടിയാലും സീല് പൊട്ടിച്ച് ലീക്ക് ഉണ്ടോയെന്നും നിർദിഷ്ട തൂക്കം ഉണ്ടോയെന്നും ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. ഡെലിവറി ബോയ്സിനോട് ആവശ്യപ്പെട്ടാൽ തൂക്കം, ലീക്ക് എന്നിവ പരിശോധിക്കാനുള്ള എല്ലാ സജ്ജീകരണവും അവർക്ക് നൽകിയിട്ടുണ്ടെന്നും യോഗത്തിൽ കമ്പനി അധികൃതർ വ്യക്തമാക്കി. യോഗത്തിൽ വിവിധ പാചകവാതക കമ്പനി പ്രതിനിധികൾ, ഏജൻസി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അമ്മയെയും മകളെയും കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ആലപ്പുഴ: ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കൈചൂണ്ടിമുക്കിൽനിന്ന് ജൂൺ 12 മുതൽ കാണാതായ ആലപ്പുഴ തത്തംപള്ളി വാർഡ് വാഴപ്പള്ളി വീട്ടിൽ േത്രസ്യാമ്മ ചെറിയാൻ (38), മകൾ ജെനി (10) എന്നിവരെക്കുറിച്ച് വിവരമറിയിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 160 സെ.മീ. ഉയരവും വെളുത്ത നിറവുമുള്ള േത്രസ്യാമ്മ കാണാതാവുമ്പോൾ ചുരിദാറാണ് ധരിച്ചിരുന്നത്. 130 സെ.മീ. ഉയരവും വെളുത്ത നിറവുമുള്ള ജെനി മിഡിയും ടോപ്പും ആണ് ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലപ്പുഴ ഡിവൈ.എസ്.പി (9497990041), ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ (9497987058), ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ (9497980298), ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ (0477 2245541) നമ്പറുകളിൽ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.