നെഹ്‌റുട്രോഫി വള്ളംകളിയിൽ സചിൻ മുഖ്യാതിഥി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളാകും കേരള ബോട്ട് ലീഗി​െൻറ ഭാഗമായ എല്ലാ മത്സരത്തിലും മാറ്റുരക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകർ ഇത്തവണ നെഹ്‌റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽനിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡൻറ്സ് ട്രോഫിയിൽ അവസാനിക്കുന്ന വിധമാകും ക്രമീകരണം. അതിന് പ്രത്യേകം യോഗ്യതാ മത്സരങ്ങൾ ഇല്ല. നെഹ്‌റു ട്രോഫിയിൽ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകും. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നൽകുക. പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവർക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നൽകും. നെഹ്‌റു ട്രോഫിക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഉണ്ടാകും. ഇത്തവണ ആദ്യമായി ഫിനിഷിങ് കൃത്യത ഉറപ്പുവരുത്താൻ ഫോട്ടോ ഫിനിഷ് സംവിധാനം നടപ്പാക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സ്റ്റാർട്ടിങ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഫോട്ടോ സ്റ്റാർട്ടിങ് പരിഗണനയിലുണ്ട്. സ്റ്റാർട്ടിങ്ങി​െൻറ പിഴവുകൾ ഇല്ലാതാക്കാൻ ട്രാക്കിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് കൃത്യമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. ചട്ടങ്ങൾ രൂപപ്പെടുത്താൻ ഒരു സബ് കമ്മിറ്റിയെ നിയമിക്കും. സ്‌പോൺസർഷിപ്പിന് ശ്രമിക്കുന്നുണ്ടെന്നും ഇത്തവണ നേരേത്തതന്നെ ഒരു കോടി രൂപ സംസ്ഥാന സർക്കാർ നെഹ്‌റു ട്രോഫിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രീൻ പ്രോട്ടോകോൾ പൂർണമായി പാലിച്ചാകും വള്ളംകളി. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കലക്ടർ എസ്.സുഹാസ്, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സബ്കലക്ടർ വി.ആർ. കൃഷ്ണതേജ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, വിവിധ സബ്കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.