സൗജന്യ യാത്ര: മെ​ട്രോയിൽ കയറിയത്​ 1.45 ലക്ഷം പേർ

കൊച്ചി: ഒന്നാം പിറന്നാളി​െൻറ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഒരുക്കിയ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 1,45,000ഒാളം പേർ. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ രാത്രി പത്തിന് സർവിസ് അവസാനിക്കുന്നതുവരെ 1,44,944 പേർ മെട്രോയിൽ യാത്ര ചെയ്തതായി കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. മെട്രോ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് തുടങ്ങി ഒരു വർഷം തികയുന്ന ദിവസമാണ് 'ഫ്രീ റൈഡ് ഡേ' എന്ന പേരിൽ എല്ലാവർക്കും ഒരു ദിവസത്തേക്ക് സൗജന്യയാത്ര ഒരുക്കിയത്. പതിവ് യാത്രക്കാർക്ക് പുറമെ ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി വിദ്യാർഥികളും കുട്ടികളും പ്രായമായവരും മെട്രോയിൽ യാത്രക്കെത്തി. കന്നി യാത്രക്കാരും ഏറെയുണ്ടായിരുന്നു. യാത്ര സൗജന്യമാണെങ്കിലും എല്ലാവർക്കും പതിവുപോലെ ടിക്കറ്റ് നൽകി. പാർക്കിങ് സൗകര്യവും സൗജന്യമാക്കി. സാധാരണ ദിവസങ്ങളിൽ പ്രതിദിനം ശരാശരി 35,000 മുതൽ 40,000 വരെയും ആഴ്ചയുടെ അവസാന ദിവസങ്ങളിൽ 50,000 മുതൽ 55,000 വരെയും യാത്രക്കാരാണ് മെട്രോയിൽ സഞ്ചരിക്കുന്നത്. മുമ്പ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഉദ്ഘാടന ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയാണ്. അന്ന് 98,713 പേർ മെട്രോയിൽ സഞ്ചരിച്ചു. നിരവധി പുതിയ യാത്രക്കാർക്ക് മെട്രോയെ പരിചയപ്പെടുത്താൻ സൗജന്യയാത്ര സഹായിച്ചെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടറർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവരിൽ ഒരു ശതമാനമെങ്കിലും സ്ഥിരം യാത്രക്കാരായി മാറുമെന്നാണ് പ്രതീക്ഷ. പരമാവധി 1,20,000 യാത്രക്കാരെയാണ് തങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, ഒന്നര ലക്ഷത്തിന് അടുത്തെത്തിയത് മെട്രോയുടെ ജനകീയതക്ക് തെളിവാണ്. ജൂലൈ 15നുമുമ്പ് പ്രതിമാസ പാസ് കൂടി പുറത്തിറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി വൺ കാർഡിന് നിലവിലുള്ള നിരക്കിളവ് 20 ശതമാനമാണ്. ഇതിെനക്കാൾ കൂടിയ ഇളവാകും പ്രതിമാസ പാസിൽ നൽകുകയെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.