പൊലീസി​െൻറ അരുതായ്​മകളെ അംഗീകരിക്കില്ല -മന്ത്രി ജി. സുധാകരൻ

കായംകുളം: ഏതെങ്കിലും പൊലീസുകാരൻ കാണിക്കുന്ന തോന്ന്യവാസത്തിന് ചിലർ സർക്കാറിനെ എതിർക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷിതത്വത്തിനൊപ്പമാണ് സർക്കാറെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. കരീലക്കുളങ്ങരയിൽ പുതിയ റോഡുകളുടെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊള്ളരുതായ്മ കാണിച്ചവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും 5000 ക്രിമിനലുകൾ പൊലീസ് സേനയിൽ ഉണ്ടെന്ന റിപ്പോർട്ട് കണ്ടെത്തിയത് രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് റിപ്പോർട്ട് വാങ്ങിെവച്ചെങ്കിലും നടപടിയെടുത്തില്ല. ഇപ്പോഴത്തെ സർക്കാറി​െൻറ കൈയിൽ ഈ റിപ്പോർട്ടുണ്ട്. സേനയിലുള്ള ക്രിമിനലുകൾ കുറ്റകൃത്യങ്ങൾ ചെയ്ത് ശീലിച്ചവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുമായി ബന്ധമുള്ളവരുമാണ്. അവരെല്ലാം ഇപ്പോൾ പത്തി മടക്കിയിട്ടുണ്ട്. എന്നാൽ, അവരെല്ലാം സർവിസിൽനിന്ന് പോയിട്ടില്ല. 5000 പേരെ ഒറ്റയടിക്ക് ഒഴിവാക്കണമെങ്കിൽ അത് വലിയ സംഭവമാണ്. അത്ര എളുപ്പമുള്ള കാര്യമല്ലത്. പൊലീസുകാരുടെ മനസ്സിൽ മനുഷ്യ നന്മയുടെ പാലം പണിയണമെങ്കിൽ അവർ മനസ്സ് തുറന്ന് സംസാരിച്ചാലെ പറ്റൂ. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പൊലീസി​െൻറ ഒരു കാര്യത്തിലും നേരിട്ട് ഇടപെടാറില്ല. എസ്.പിമാരെയും സബ് ഇൻസ്‌പെക്ടർമാരെയും നേരിട്ട് വിളിക്കാത്ത ഒരു പക്ഷെ ആദ്യ മുഖ്യമന്ത്രിയാകും പിണറായി. വ്യക്തിപരമായി ആരെയും നേരിട്ട് വിളിക്കാത്തത് പിണറായിയുടെ വലിയ മേന്മയാണ്. അതെല്ലാം ഡി.ജി.പി വഴിയാണ് വിളിക്കുന്നത്. കോൺഫറൻസ് നടക്കുമ്പോൾ നേരിട്ട് പറയേണ്ടത് പറയും. സ്വന്തം ആവശ്യത്തിനും രാഷ്ട്രീയ താൽപര്യത്തിനും പൊലീസിനെ ബന്ധപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി. അതിന് അനുമോദനമല്ല കല്ലേറാണ് മാധ്യമങ്ങൾ അദ്ദേഹത്തിന് കൊടുക്കുന്നത്. യു. പ്രതിഭ ഹരി എം.എൽ.എ അധ്യക്ഷത വഹിച്ചു. അറിവുകൊണ്ട് മാത്രമെ മനുഷ്യജീവിതം പൂർണതയിലെത്തൂ -രമേശ് ചെന്നിത്തല ഹരിപ്പാട്: അറിവുകൊണ്ട് മാത്രമെ മനുഷ്യജീവിതം പൂർണതയിലെത്തൂയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച 'മയൂഖം-2018' പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നല്ല മനുഷ്യനായി മാറാന്‍ പറ്റൂ. അറിവുകള്‍ നേടാനുള്ള ആവേശമായിരിക്കണം കുട്ടികളില്‍ തുടര്‍ന്ന് കാണേണ്ടത്. ലോകത്ത് വരാന്‍ ഇരിക്കുന്ന വിപ്ലവം ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍ ആയിരിക്കും. ഒരു പരാജയം കൊണ്ട് നിരാശ ബാധിക്കുന്നതില്‍ അര്‍ഥമില്ല. പരാജയത്തില്‍നിന്നും വിജയത്തിലേക്കുള്ള വഴി എളുപ്പമാണ്. എബ്രഹാംലിങ്കണും, ജോണ്‍ എഫ്. കെന്നടിയും ഇതിന് ഉദാഹരണമാണ്. മനസ്സാനിധ്യം ഇല്ലാത്ത കുട്ടികളിലാണ് ആത്മഹത്യക്ക് പ്രേരണ കാണുന്നത്. ഇത് മാറ്റിയെടുക്കാന്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും ശ്രമിക്കണം. മണ്ണിനെയും ഭാഷയെയും അമ്മയെയും സ്‌നേഹിക്കുന്ന ഒരു തലമുറക്കായുള്ള പ്രയത്‌നമാണ് വിദ്യാർഥി സമൂഹം നടത്തേണ്ടതെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പി, ചലച്ചിത്രതാരം നീതാപിള്ള, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, സാഹിത്യകാരി ഇന്ദുമേനോന്‍, രമിത്ത് ചെന്നിത്തല, മയൂഖം കണ്‍വീനര്‍ എസ്. ദീപു എന്നിവര്‍ സംസാരിച്ചു. എല്‍ദോ ജോർജ് വർഗീസ് കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.