ആലപ്പുഴ: കടൽക്ഷോഭത്തിലോ വെള്ളം കയറിയോ വീട് പൂർണമായി നഷ്ടപ്പെട്ട എല്ലാവർക്കും 10ലക്ഷം രൂപ വീട് വെക്കാൻ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുൾെപ്പടെ ഇത്തരത്തിൽ വീട് പൂർണമായി തകർന്ന എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തും. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീടിന് നാലുലക്ഷം രൂപയുമാണ് നൽകുന്നത്. സ്വന്തമായി സ്ഥലമുള്ളവർക്ക് നാലുലക്ഷം രൂപ വീട് നിർമാണത്തിന് നൽകും. കടൽക്ഷോഭത്തിലും ജലനിരപ്പ് ഉയർന്നതിനെത്തുടർന്നും വീട് താമസയോഗ്യമല്ലാതായവർക്ക് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ആദ്യം വെള്ളം കയറിയത് തോട്ടപ്പള്ളിയിലാണ്. പഞ്ചായത്തിലെ ഏഴിലേറെ വാർഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. ആയിരത്തഞ്ഞൂറോളം കുടുംബങ്ങൾ ക്യാമ്പിൽ താമസിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ താലൂക്കിൽ മാത്രം എണ്ണായിരത്തോളം ആളുകൾ ക്യാമ്പിലുണ്ട്. ഇത്തവണ സർക്കാർ അതിവേഗം ക്യാമ്പുകൾ തുടങ്ങുന്നതിന് അനുമതി നൽകി. നല്ല രീതിയിലുള്ള ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി മാർത്തോമ മിഷൻ സെൻററിൽ ആരംഭിച്ച ക്യാമ്പിലാണ് മന്ത്രി ആദ്യം എത്തിയത്. കടൽക്ഷോഭം രൂക്ഷമായ ഭാഗങ്ങളിൽ അടിയന്തരമായി കല്ലിടാൻ നിർദേശിച്ചിട്ടുണ്ട്. മഴ മാറിയാലുടൻ സ്ഥിരമായി കടൽഭിത്തി കെട്ടാൻ നടപടി സ്വീകരിക്കും. പാടശേഖരങ്ങളിലെ നാശനഷ്ടവും വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ട്. വെള്ളം പൊങ്ങിയപ്പോൾ വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് അത് പരിഹരിക്കാൻ സർക്കാർ പണം നൽകും. മികച്ച രീതിയിൽ സർക്കാറും ജില്ല ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, വാർഡ് മെംബർ ആർ. സുനി, അമ്പലപ്പുഴ തഹസിൽദാർ ആശ പി. എബ്രഹാം, പുറക്കാട് പഞ്ചായത്ത് അംഗം വി.എസ്. ജിനുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മാർത്തോമ മിഷൻ സെൻററിലെ ക്യാമ്പിൽ 109 കുടുംബമാണ് അഭയം തേടിയിട്ടുള്ളത്. തൊട്ടടുത്തായി ചാലേത്തോപ്പ്, മഞ്ഞാണി എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. പല ക്യാമ്പിലും ഭക്ഷണവും പരിശോധിച്ചു. പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു ഹരിപ്പാട്: ചെറുതന, കരുവാറ്റ തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ചെറുതനയിലെ പാണ്ടി, വെട്ടുകുളഞ്ഞി, പുത്തന്‍തുരുത്ത്, കാഞ്ഞിരംതുരുത്ത്, പെരുമാന്‍കര, ആനാരി, ആയാപറമ്പ് യു.പി.എസ്, മടയനാരി, ഉബ്രിമുക്ക്, ചെറുതന തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളും കൃഷിനാശമുണ്ടായ പടിഞ്ഞാേറ പോച്ച, വലിയവള്ളം, തേവേരി, തണ്ടപ്ര, അച്ചനാരി, നാനൂറ് പറയും അദ്ദേഹം സന്ദര്‍ശിച്ചു. എല്ലാ ക്യാമ്പിലും അരി, പലചരക്ക്, പച്ചക്കറി, വിറകുകള്‍ മുതലായവ അധികമായി നൽകണമെന്നും പെരുമാന്‍കരയിലെയും പാണ്ടിയിലെയും പാലങ്ങളുടെ താഴ്‌വശമുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടറോട് നിർദേശിച്ചു. എല്ലാ ക്യാമ്പിലും മെഡിക്കല്‍ സംഘം എത്തി പരിശോധന നടത്താനും നിര്‍ദേശം നല്‍കി. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജ സന്തോഷ്, മെംബര്‍ പൊന്നന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എം.ആര്‍. ഹരികുമാര്‍, സണ്ണി ആനാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.