ആലപ്പുഴ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ സഹായവും വേഗത്തിൽ എത്തിക്കാനും അടിയന്തര അറ്റകുറ്റപ്പണി വേണ്ട റോഡുകളിൽ കുഴിയടയ്ക്കൽ വേഗത്തിൽ ചെയ്യാനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ കാലവർഷക്കെടുതികൾ വിലയിരുത്തുന്നതിനായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കടലാക്രമണം രൂക്ഷമായ ഇടങ്ങളിൽ രണ്ടുവർഷം വരെ നിലനിൽക്കുന്ന ജിയോ ട്യൂബുകളും വലിയ കല്ലിടുന്നതിനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഒന്നരകോടി അടിയന്തരമായി ഇതിന് ഇറിഗേഷൻ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ കടൽഭിത്തി കെട്ടുന്നതിന് 200 കോടി സർക്കാർ നൽകാൻ തീരുമാനിച്ചു. മഴ മാറി കഴിഞ്ഞാൽ കടലാക്രമണ ഭീഷണി കൂടുതലുള്ള തീരത്ത് കടൽഭിത്തിയും പുലിമുട്ടും നിർമിക്കും. രണ്ടു കോടി 20 ലക്ഷം രൂപയുടെ നാശനഷ്ടം ജില്ലയിലെ റോഡുകൾക്കുണ്ടായി. അത്യാവശ്യ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ചേർത്തല- അരൂർ ദേശീയപാതയിലെയും എ.സി റോഡിലെയും കുഴികൾ അടിയന്തരമായി അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം. എ.സി റോഡിെൻറ ചിലഭാഗങ്ങളിൽ വെള്ളം കയറാൻ കാരണം പാടശേഖര സമിതിയുടെ പ്രവർത്തനങ്ങളിലെ പാകപ്പിഴയാണ്. ഇതിന് അവരിൽനിന്ന് നഷ്ടപരിഹാരം വകുപ്പുതലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കടൽക്ഷോഭത്തിലും വെള്ളം കയറിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നല്ല ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ എന്നിവ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട.് കടലാക്രമണ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ എത്രയും പെെട്ടന്ന് കല്ലിടാൻ നിർദേശം നൽകി. ഇറിഗേഷൻ വകുപ്പ് പതിനാലിടങ്ങളിൽ പ്രവർത്തികൾ നടത്തിവരുന്നതായി യോഗത്തെ അറിയിച്ചു. പി.ഡബ്ല്യു.ഡി യുടെ കീഴിലുള്ള ഓടകൾ വൃത്തിയാക്കാനും പാലങ്ങളിലെ കാടും പടലും അടിയന്തരമായി വൃത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പൊഴികൾ തുറക്കാനുള്ള നടപടി സ്വീകരിക്കാനും മെഡിക്കൽ ക്യാമ്പുകൾ നടത്താനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു. അടിയന്തരമായി ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. തീരപ്രദേശങ്ങളിലുള്ളവർക്ക് സൗജന്യറേഷൻ എത്രയും വേഗം നൽകുന്നതിനും കലക്ടർക്ക് നിർദേശം നൽകി. ചേർത്തലയിൽ ഒറ്റമശ്ശേരി, അർത്തുങ്കൽ ഭാഗങ്ങളിൽ ശക്തമായ കടലാക്രമണം ആണ് ഉണ്ടായിട്ടുള്ളതെന്ന് യോഗത്തിൽ ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കടൽത്തീരത്ത് ഇടാനുള്ള കല്ല് ലഭ്യമാക്കാൻ തടസ്സം നേരിടുന്നതായി അദ്ദേഹം യോഗത്തിൽ പറഞ്ഞു. പല സ്ഥലത്തും കല്ല് തടയുകയാണ്. കടൽത്തീരത്ത് ഇടാൻ നിയമപരമായി കല്ല് കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു. തീരം സംരക്ഷിക്കാൻ പുലിമുട്ടും ശാസ്ത്രീയമായ കടൽഭിത്തിയും അതിന് തക്ക വലിയ പദ്ധതികളുമാണ് ഏക പരിഹാരമെന്ന് യോഗത്തിൽ പങ്കെടുത്ത കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ മിന്നൽ പരിശോധനയും സൗകര്യങ്ങളുടെ വിലയിരുത്തലും ജില്ല ഭരണകൂടം ചെയ്തുവരുന്നതായി കലക്ടർ എസ്. സുഹാസ് പറഞ്ഞു. ശിക്കാരി വള്ളങ്ങൾ തടയാനും കടൽത്തീരത്ത് ജാഗ്രത പുലർത്താനും നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, എ.എം. ആരിഫ്, യു. പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, വൈസ് പ്രസിഡൻറ് ദലീമ ജോജോ എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ കമീഷൻ സിറ്റിങ് 18ന് ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ് ജൂൺ 18ന് ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് നടക്കും. അവധി ദിവസങ്ങളിലും സിവിൽ സപ്ലൈസ്, ഹോർട്ടി കോർപ് എന്നിവ പ്രവർത്തിക്കണം ആലപ്പുഴ: അവധി ദിവസങ്ങളിൽ സിവിൽ സപ്ലൈസ്, ഹോർട്ടികോർപ് -ഡി.ഡബ്ല്യു സിവിൽ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിന് കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ല കലക്ടർ എസ്. സുഹാസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. സോഷ്യൽ ജസ്്റ്റിസിലെ പ്രീ-സ്‌കൂളിൽ കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടി ജീവനക്കാരും അധ്യാപകരും അംഗൻവാടിയിൽ എത്തേണ്ടതും ആറ് വരെ പ്രായമുള്ള കുട്ടികൾ, അമ്മമാർ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ കുട്ടികൾ, വയോജനങ്ങൾ എന്നിവർക്ക് ഐ.സി.ഡി.എസ് വഴി സേവനം ലഭ്യമാകുന്നുണ്ടെന്ന് സാമൂഹികക്ഷേമ വകുപ്പ് ഉറപ്പു വരുത്തുകയും വേണം. മണ്ണിടിച്ചിലോ, വെള്ളപ്പൊക്കമോ ഉണ്ടാകുന്ന മേഖലകളിൽ ജനങ്ങളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തി പ്ലാൻ തയാറാക്കി തഹസിൽദാർമാർ നൽകണം. ആവശ്യമായ സന്ദർഭങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനും ദുരിതബാധിതർക്ക് അവശ്യ സേവനങ്ങൽ നൽകുന്നതിനും ജാഗ്രത പാലിക്കുന്നതിനും തഹസിൽദാർ മാർക്ക് നിർദേശം നൽകി. അന്ധകാരനഴി പൊഴി മുറിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നപടി സ്വീകരിക്കുന്നതിന് ഇറിഗേഷൻ എക്‌സി. എൻജിനീയറെ ചുമതലപ്പെടുത്തി. ഞായറാഴ്ചയും ജില്ലയിലെ എല്ലാ താലൂക്കോഫിസുകളും വില്ലേജ് ഓഫിസുകളും തുറന്നു പ്രവർത്തിക്കേണ്ടതും വില്ലേജ് ഓഫിസർമാർ നിർബന്ധമായും തങ്ങളുടെ അധികാരപരിധിയിൽ തന്നെ ഉണ്ടായിരിക്കേണ്ടതുമാണ്. പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ശിക്കാരി വള്ളങ്ങളുടെ പ്രവർത്തനം (വിനോദസഞ്ചാരം) താൽക്കാലികമായി നിർത്തിവെക്കുന്നതിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.