അരൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വലിയ ചങ്ങരം പാടശേഖരത്തിലെ 51 ഏക്കറിലെ നെൽകൃഷി നശിച്ചു. സമീപത്തെ മൽസ്യകൃഷിയിടത്തിൽനിന്ന് വെള്ളം കയറി മടപൊട്ടിയതാണ് കൃഷി നശിക്കാൻ കാരണം. വിത കഴിഞ്ഞ് രണ്ടാഴ്ചയോളം പാകമായ നെൽചെടികളാണ് നശിച്ചത്. മുൻവർഷങ്ങളിലും ഇവിടെ മടവീഴ്ച ഉണ്ടായിട്ടുണ്ട്. എന്നാൽ, യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 2010ൽ കോടംതുരുത്ത് കൃഷിഭവനിൽ നിന്ന് മികച്ച കർഷകനുള്ള അവാർഡ് നേടിയ സി.ആർ. ദിലീപ് കുമാറാണ് കൃഷിയിറക്കിയത്. കൃഷിഭവനിൽനിന്നു ലഭിച്ച വിത്ത് പതിനഞ്ചോളം വരുന്ന കർഷക തൊഴിലാളികളെ നിർത്തി വാരംകോരി വിതയ്ക്കുകയാണ് ചെയ്തത്. നല്ല ആരോഗ്യത്തോടെ വളർന്നുവന്ന നെൽചെടികളാണ് മടപൊട്ടി നശിച്ചത്. നെൽകൃഷി സീസണിൽ കൃഷി ചെയ്യാത്ത പാടങ്ങൾ വെള്ളം വറ്റിച്ചിടണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതു പാലിക്കാൻ മൽസ്യകൃഷി നടത്തുന്നവർ തയാറാകുന്നില്ല. 'ഒരുനെല്ലും ഒരുമീനും' കൃഷി സമ്പ്രദായം തകർക്കാൻ മൽസ്യകൃഷി ലോബി ശ്രമം നടത്തുകയാണെന്ന് പരാതിയുണ്ട്. കടലാക്രമണം തടയുന്നതിൽ ജലവിഭവ വകുപ്പിന് വീഴ്ചപറ്റി -എം.പി ആലപ്പുഴ: കടലാക്രമണം തടയാൻ ഫലപ്രദമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ജലവിഭവ വകുപ്പിന് ഇക്കാര്യത്തിൽ ഗുരുതരമായ പിഴവുണ്ടായെന്നും കെ.സി. വേണുഗോപാൽ എം.പി. വടക്കു ചാപ്പക്കടവു മുതൽ തെക്കു വലിയഴീക്കൽ വരെ മിക്ക പ്രദേശങ്ങളിലും ശക്തമായ കടലാക്രമണമാണ് നേരിടുന്നത്. നിരവധി വീടുകളും വസ്തുവകകളും തീരവാസികൾക്ക് നഷ്ടമായി. നൂറുമീറ്റർ കടൽ ഭിത്തി നിർമിക്കാൻ പോലും ഈ സർക്കാർ അധികാരത്തിൽവന്ന് രണ്ടു വർഷമായിട്ടും കഴിഞ്ഞിട്ടില്ല. കടലാക്രമണം തടയാൻ തീരത്ത കല്ലിട്ട് ശക്തിപ്പെടുത്തണമെന്നും പുലിമുട്ടുകളും കടൽഭിത്തിയും നിർമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു സൗജന്യ റേഷൻ: ദൂരപരിധി ഉത്തരവ് പിൻവലിക്കണം -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ 50 മീറ്ററിന് മുകളിൽ താമസിക്കുന്ന തീരനിവാസികളെ സൗജന്യ റേഷൻ നൽകുന്നതിൽനിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് തീരവാസികളോടുള്ള അവഹേളനമാണിത്. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ഏതു സാഹചര്യത്തിലാണ് ഇങ്ങനെ ഉത്തരവ് ഇറക്കിയതെന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.