ആലപ്പുഴയിലെ രോഗിക്ക് 'നിപ' അല്ലെന്ന്​ ​ആരോഗ്യവകുപ്പ്​

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സ തേടിയ രോഗിക്ക് 'നിപ' അല്ലെന്ന് അധികൃതർ. പ്രാഥമിക പരിശോധനയിൽ ടി.ബി (ക്ഷയം) ആയിരിക്കാനാണ് സാധ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ''നിരപരാധിയായ ആ മനുഷ്യൻ പേരാമ്പ്ര വഴി സഞ്ചരിച്ചു എന്നതാണ് ചെയ്ത തെറ്റ്. പനി കുറയാത്തതി‍​െൻറ പേരിൽ അടൂരിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾത്തന്നെ വ്യാജ വാർത്തകൾ പ്രചരിച്ചു. അദ്ദേഹത്തിന് പിടിപെട്ട അസുഖത്തിന് നിപയുമായി ഒരു സാമ്യവും ഇല്ല'' ഡി.എം.ഒ ഡി. വസന്തദാസ് വ്യക്തമാക്കി. ആലപ്പുഴയിൽ നിപ വൈറസ് പടരുന്നതിനുള്ള സാധ്യത കുറവാണ്. ജനങ്ങളെ പരിഭ്രാന്തരാക്കി വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ വിശ്വസിക്കരുത്. ജില്ലയിലെ ഉറവിട മാലിന്യ സംസ്കരണം ശരിയായ പാതയിൽ അല്ല. 13 വർഷത്തിനുശേഷം ഉള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ജില്ല പഞ്ചായത്തി‍​െൻറ നേതൃത്വത്തിൽ നടത്തിയ 'മഴക്കാല ശുചീകരണവും രോഗപ്രതിരോധവും' വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം ഡെങ്കി, എലിപ്പനി എന്നിവയാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. ഉറവിട മാലിന്യ സംസ്കരണം യഥാവിധം കൈകാര്യം ചെയ്താൽ മാത്രമേ പകർച്ചവ്യാധികൾ തുടച്ചുമാറ്റാൻ കഴിയൂവെന്നും ഡി.എം.ഒ കൂട്ടിച്ചേർത്തു. അതേസമയം, ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ സന്ദേശങ്ങൾ തള്ളണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. രാംലാൽ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ ഭയെപ്പടേണ്ട ഒരു സാഹചര്യവും ഇല്ല. പനി ബാധിച്ച രോഗിക്ക് നിപയാണെന്നത് സാമൂഹിക മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണ്. അതിലുപരി അത് ശിക്ഷാർഹവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.