തോൽവി; ഡി.സി.സി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി സ്​ഥാനാർഥിയുടെ വിമർശനം

ആലപ്പുഴ: തെരഞ്ഞെടുപ്പുകളിൽ കൂടുതൽ കാലവും കോൺഗ്രസ് ചേരിക്കൊപ്പം നിന്ന ചെങ്ങന്നൂരിനെ ഇടതുമുന്നണിയുടെ കരവലയത്തിലേക്ക് എത്തിച്ചതി​െൻറ ശരി തെറ്റുകൾ കോൺഗ്രസിനുള്ളിൽ പരസ്പര വിമർശനത്തിന് കളമൊരുക്കി. സി.പി.എമ്മി​െൻറ കണക്കുകൂട്ടലിന് അപ്പുറം ഭൂരിപക്ഷം ലഭിച്ചതി​െൻറ കാര്യകാരണങ്ങൾ സ്വയം വിമർശനം കടന്ന് ഡി.സി.സി നേതൃത്വത്തെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന വിലയിരുത്തലിലേക്ക് മാറിയിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി. വിജയകുമാറി​െൻറ അഭിപ്രായവും പ്രതികരണവും അതിലേക്കുള്ള സൂചനയായി. സംഘടന സംവിധാനത്തി​െൻറ ദൗർബല്യവും ചിട്ടയായ പ്രവർത്തനമില്ലായ്മയും വിജയകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. യു.ഡി.എഫ് ജില്ല നേതൃത്വത്തിനും പരോക്ഷമായ വിമർശനമുണ്ട്. സ്ഥലം എം.എൽ.എയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ് സ്വാഭാവികമായും ഉണ്ടാകുമെന്ന് മനസ്സിലാക്കി വേണ്ട രാഷ്ട്രീയ ക്രമീകരണങ്ങൾ ഉണ്ടായില്ല. മാസങ്ങളോളം കിട്ടിയിട്ടും ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല. ഇടത്-ബി.ജെ.പി മുന്നണികൾ കളം കൈയിലെടുത്ത ശേഷമാണ് മണ്ഡലത്തിൽ കോൺഗ്രസിന് തുടക്കമിടാൻ പോലും കഴിഞ്ഞതെന്നാണ് ആക്ഷേപം. പ്രചാരണത്തിന് തുടക്കമിട്ടതുതന്നെ വൈകിയായിരുന്നു. കൂടുതൽ ബൂത്തുകളിലും പ്രവർത്തകരുടെ കുറവുണ്ടായി. മേഖലകളായി തിരിച്ച് യോഗം വിളിച്ചെങ്കിലും അവിടെയും പങ്കാളിത്തം കുറഞ്ഞു. ചില കേന്ദ്രങ്ങളിൽ സി.പി.എം നടത്തിയ 'മൊത്ത വോട്ട് പിടിത്തം' കോൺഗ്രസ് കണ്ടില്ലെന്ന് നടിച്ചതായും വിമർശനമുണ്ട്. ബൂത്ത് സംവിധാനത്തിലെ പാളിച്ചകൾ സ്ഥാനാർഥി തന്നെ ചൂണ്ടിക്കാണിച്ചത് അവിടെ കണ്ട നിഷ്ക്രിയത്വം മുൻനിർത്തിയാണെന്ന് പറയപ്പെടുന്നു. പത്ത് വർഷത്തോളം ചെങ്ങന്നൂർ എം.എൽ.എയായിരുന്ന പി.സി. വിഷ്ണുനാഥിനും പ്രദേശത്ത് സ്വാധീനമുള്ള കെ.പി.സി.സി ഭാരവാഹികൾക്കും ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിഞ്ഞു എന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴക്കൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം ഡി.സി.സിക്ക് ചെയ്യാമായിരുന്നു. ബൂത്തുതല പ്രവർത്തനത്തിന് ചുമതലപ്പെട്ടവർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും കുടുംബ യോഗങ്ങളും സംഗമങ്ങളും ഉൗർജിതമായി ഉണ്ടായില്ലെന്നും തോൽവിക്ക് പിന്നിലെ പാളിച്ചകൾ വിലയിരുത്തുന്ന ജില്ലതല നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവി​െൻറ ജന്മനാട്ടിൽ പോലും വീഴ്ചയുണ്ടായത് നേതൃത്വം ഗൗരവമായി കാണണം. പ്രാദേശിക പരിചയമുള്ള പ്രവർത്തകരുടെ സഹായം പരമാവധി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.