കിഴക്കമ്പലം: പഴന്തോട്ടം ഗവ. എച്ച്.എസ്.എസ് മൈതാനത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതായി പ്രദേശവാസികളുടെ പരാതി. ഗ്രൗണ്ടില്‍ വിവിധ കളികള്‍ പരിശീലിക്കാന്‍ എത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടാണിവർ സൃഷ്ടിക്കുന്നത്. രാത്രിയായാല്‍ മദ്യപാനകേന്ദ്രമായി ഗ്രൗണ്ട് മാറുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനെതിരെ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ തയാറാവാത്തതാണ് പ്രശ്നം രൂക്ഷമാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൈതാനത്ത് ഫുട്‌ബാൾ, ക്രിക്കറ്റ്, വോളിബാൾ എന്നിവ പരിശീലിക്കാന്‍ നിരവധി പേരാണ് ദിനേനയെത്തുന്നത്. രാവിലെയും വൈകീട്ടും വ്യായാമത്തിനായും സമീപത്തുള്ളവര്‍ മൈതാനത്ത് എത്താറുണ്ട്. എന്നാൽ, രാവിലെയും വൈകുന്നേരങ്ങളിലുമായി സാമൂഹികവിരുദ്ധര്‍ മൈതാനത്ത് തമ്പടിക്കുകയാണ്. ചീട്ടുകളി മുതല്‍ അനാശാസ്യം വരെ ഇവിടെ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍ അധികൃതരോട് മതില്‍ കെട്ടി ഗേറ്റ് സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യമുയർന്നെങ്കിലും നടപടിയായില്ല. സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഐക്കരനാട് പഞ്ചായത്തിലും മൈതാനം കുന്നത്തുനാട് പഞ്ചായത്തിലുമാണ്. ഇതിനാലാണ് മൈതാനത്തിന് അവഗണനയെന്ന് നാട്ടുകാര്‍ പറയുന്നു. സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കി മൈതാനം സംരക്ഷിക്കാന്‍ ജനകീയ സമിതി രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.