ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കണം --കർഷക ഫെഡറേഷൻ ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാകണമെന്ന് കര്‍ഷക ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കുപ്പപ്പുറം, കുട്ടമംഗലം, കൈനകരി, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയശേഷം കൂടിയ അവലോകനയോഗമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡൻറ് ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷത വഹിച്ചു. തണ്ണീര്‍മുക്കം ബണ്ടിെൻറ മണ്‍ചിറയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന് അടിസ്ഥാനമില്ലെന്നും 1975ല്‍ കലക്ടര്‍ പി. ഭരതന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച കുഞ്ചപ്പന്‍ കോശി കണ്‍വീനറായ ജനകീയ കമ്മിറ്റി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ബണ്ട് നിർമിച്ചതെന്നും സര്‍ക്കാറിെൻറ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി ബണ്ടിെൻറ ഉടമസ്ഥാവകാശം ഏറ്റെടുത്ത് ലേലം ചെയ്ത് മുതൽ ചേര്‍ക്കണമെന്നും ബേബി പാറക്കാടന്‍ പറഞ്ഞു. അടച്ചിട്ട വീടുകളിൽ തുറന്നിരുന്ന ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കരുത് --ഡി.എം.ഒ ആലപ്പുഴ: കുട്ടനാട്ടിലും മറ്റും വീടും പരിസരവും കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുന്നതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ ആരോഗ്യശീലങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പനി, മറ്റു പകർച്ചവ്യാധികൾ എന്നിവ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ശ്രദ്ധിക്കണം. ഒരുമിച്ച് താമസിക്കുന്നതിനാൽ വായുവിലൂടെ രോഗങ്ങൾ പകരാൻ സാധ്യതയുള്ളതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം. പൈപ്പ് വെള്ളം ആയാലും തിളപ്പിച്ചാറിയശേഷമേ ഉപയോഗിക്കാവൂ. അടച്ചിട്ട വീടുകളിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും എലി മൂത്രത്താൽ മലിനമായിരിക്കാൻ ഇടയുള്ളതിനാൽ അവ ഉപയോഗിക്കരുത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ വീടും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുെട നിർദേശപ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കിണറുകളും മറ്റ് കുടിവെള്ള ടാങ്കുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക. കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് കഴിച്ചശേഷം മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. വീട് വൃത്തിയാക്കുമ്പോൾ പാഴ്‌വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഏത് പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. 'സേവ് കുട്ടനാട്': ജോയൻറ് കൗൺസിൽ ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നൽകി ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ സി.പി.ഐ ജില്ല കൗൺസിൽ ആവിഷ്കരിച്ച 'സേവ് കുട്ടനാട്' സംരംഭത്തിലേക്ക് ജോയൻറ് കൗൺസിൽ നൽകിയ ഒരുലക്ഷം രൂപയുടെ വസ്ത്രങ്ങൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗങ്ങളായ ടി. പുരുഷോത്തമൻ, പി. പ്രസാദ്, ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എസ്. സന്തോഷ് കുമാർ, ആർ. ബാലനുണ്ണിത്താൻ, ജില്ല സെക്രട്ടറി എസ്. അജയസിംഹൻ, വി.എസ്. സൂരജ്, ജോബിൻ കെ. ജോൺ, കെ. വിജയകുമാർ, എം.ആർ. രാജേഷ്, എൻ.എം. അജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.