കുട്ടനാട്ടില്‍ സഹായപ്പെരുമഴ; എല്ലായിടത്തും എത്തുന്നില്ലെന്ന് പരാതി

കുട്ടനാട്: വെള്ളം ദുരിതം വിതച്ച കുട്ടനാട്ടില്‍ സര്‍ക്കാറിേൻറത് ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് സഹായങ്ങള്‍ ഒഴുകുന്നു. ഉള്‍പ്രദേശങ്ങളില്‍ ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് സംഘടനകള്‍ സര്‍ക്കാര്‍ സംവിധാനത്തിന് പുറമെ സഹായഹസ്തങ്ങള്‍ നീട്ടി. എന്നാല്‍, ഇവയെല്ലാം ലഭിക്കുന്നത് ഒരേ കേന്ദ്രങ്ങളിലാണെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാണെങ്കിലും ഉള്‍പ്രദേശങ്ങളില്‍ കഴിയുന്ന കുട്ടനാടന്‍ ജനത ദുരിതത്തിൽതന്നെയാണ്. നെടുമുടി, പുല്ലങ്ങടി, കണ്ടങ്കരി, വെളിയനാട്, മുട്ടാര്‍, പനക്കല്‍ ഭാഗങ്ങളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭ്യമല്ല. സന്നദ്ധസംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതബാധിതര്‍ക്ക് നേരിട്ട് സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ എത്താന്‍ കഴിയുന്നില്ല. ഇതിനിടെ, സര്‍ക്കാറി​െൻറ സഹായങ്ങളും ജനശ്രദ്ധ കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണെന്ന ആക്ഷേപമുണ്ട്. പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ ആരോഗ്യഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്. വളംകടി രോഗത്തിനുള്ള മരുന്ന് പലഭാഗത്തും ലഭിച്ചിട്ടില്ല. ചില ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും കൂടുതല്‍ ലഭിക്കുന്നു. കാലപ്പഴക്കംചെന്ന വീടുകള്‍ തകരാറിലായതാണ് മറ്റൊരു പ്രശ്‌നം. ഇതിന് സഹായം ലഭിക്കണമെങ്കില്‍ റവന്യൂ വകുപ്പി​െൻറ നൂലാമാലകള്‍ കടേക്കണ്ട സ്ഥിതിയാണ്. പഴക്കംചെന്ന നിരവധി വീടുകളാണ് കുട്ടനാട്ടില്‍ തകരാറിലായത്. മഴ കുറഞ്ഞെങ്കിലും നിലവിലെ ദുരിതംമാറാന്‍ അഞ്ച് മാസമെങ്കിലുമെടുക്കും. വെള്ളം കയറിയ വീടുകളിലെ പായലും ചളിയും തേച്ചുകഴുകിക്കളയുന്നത് പാടുപെട്ട പണിയാണ്. മടവീഴ്ച ഉണ്ടായ സ്ഥലങ്ങളില്‍ മടകുത്തി പാടത്തെ വെള്ളം വറ്റിച്ചാലേ വീട്ടില്‍ കയറിയ വെള്ളം പൂര്‍ണമായും മാറൂ. ആറ്റിലെ വെള്ളം ഇറങ്ങിയാല്‍ പുരയിടത്തിലെ വെള്ളം ഇറങ്ങും എന്ന പതിവുപ്രതീക്ഷയിലാണ് ഇത്തവണവും കുട്ടനാട്ടുകാര്‍. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം പൂര്‍ണമായും ആരംഭിച്ചിട്ടില്ല. ചങ്ങനാശ്ശേരിയില്‍നിന്ന് പള്ളിക്കൂട്ടമ്മ വരെയും ആലപ്പുഴയില്‍നിന്ന് പണ്ടാരക്കുളം വരെയുമാണ് സര്‍വിസ്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നതിനൊപ്പം ബയോ ടോയ്‌ലറ്റുകളും ഫ്ലോട്ടിങ് ടോയ്‌ലറ്റുകളും എത്തിച്ചെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള തടസ്സം ഇപ്പോഴുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.