കുന്നുകര (എറണാകുളം): കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴ കൊല്ലാറ വല്ലാടിത്തെറ്റ ഭാഗത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ഫാമിലെ 15ഒാളം ഗർഭിണികൾ അടക്കം 25ഓളം പശുക്കളുടെ ജീവന്‍ ഭീഷണിയില്‍. കഴുത്തോളം വെള്ളത്തിലാണ് മൃഗങ്ങളുള്ളത്. വെള്ളത്തില്‍ മുങ്ങുന്ന ഫാമില്‍നിന്ന് മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ ഫാം ഉടമയും തൊഴിലാളികളും നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അസി.സ്റ്റേഷന്‍ ഓഫിസര്‍ പി.എന്‍. സുബ്രഹ്മണ്യെൻറ നേതൃത്വത്തില്‍ അഗ്നി രക്ഷാസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുറ്റിപ്പുഴ മുതുകാട് ഭാഗത്തുനിന്ന് രണ്ട് കിലോമീറ്ററോളം ദൂരെയാണ് കണക്കൻകടവ് സ്വദേശി ശ്യാമിെൻറ ഫാം. 60 ഏക്കറോളം സ്ഥലത്ത് വിപുലമായ ഫാമുംവിവിധയിനം കൃഷികളുമാണുള്ളത്. തോരാതെ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നാണ് ഫാം വെള്ളപ്പൊക്ക ഭീഷണിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഫാമിലെ മൃഗങ്ങളെ രക്ഷപ്പെടുത്തി കരക്കടുപ്പിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതോടെയാണ് പൊലീസിെൻറയും അഗ്നിരക്ഷ സേനയുടെയും സേവനം തേടിയത്. എന്നാല്‍, ആഴക്കയങ്ങളുള്ള മഴവെള്ളം താണ്ടി പശുക്കളെ ജീവനോടെ കരക്കടുപ്പിക്കുക അസാധ്യമായി. ടയര്‍ട്യൂബുകളില്‍ കെട്ടി കരക്കടുപ്പിക്കാന്‍ നടത്തിയ ശ്രമവും വിജയം കണ്ടില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെ ഭാഗത്തെ തെങ്ങും, അടക്കാമരങ്ങളും മുറിച്ച് ചങ്ങാടം രൂപത്തിലാക്കി മൃഗങ്ങളെ അതില്‍ കയറ്റി നിര്‍ത്താനാണ് ശ്രമം ആരംഭിച്ചത്. എന്നാല്‍, രാത്രി മഴ ശക്തി പ്രാപിച്ചാല്‍ ഈ ശ്രമവും പരാജയപ്പെടാന്‍ സാധ്യതയുണ്ട്. 60,000 രൂപ വിലയുള്ളതാണ് പശുക്കള്‍. ഫാമില്‍നിന്ന് 200ഓളം ലിറ്റര്‍ പാലാണ് ലഭിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ 60 ലിറ്ററോളമായി കുറഞ്ഞു. ബുധനാഴ്ച ലഭിച്ച പാല്‍ ഫാം ഉടമ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.