കൊച്ചി: അർജൻറീന താരം ലയണൽ മെസി ഒപ്പിട്ട ഫുട്ബാൾ ഒടുവിൽ ചെല്ലാനത്തുകാർക്ക് സ്വന്തം. കൊറിയര്‍ കമ്പനിയുടെ വിലക്കിനെതിരെ ഫുട‌്ബാൾ പ്രേമികളുടെ പ്രതിഷേധം സ‌്‌പെയിനില്‍ എത്തിയതോടെയാണ് പന്ത് ചെല്ലാനത്ത് എത്തിയത്. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നടത്തിയ വാമോസ് ലിയോ മത്സരത്തില്‍ 35 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ട് നിര്‍മിച്ചതിനാണ് ചെല്ലാനത്തെ ചെറുപ്പക്കാര്‍ക്ക് സമ്മാനമായി സ്‌പെയിനില്‍നിന്ന് ഫുട്ബാൾ അയച്ചത്. ലോകകപ്പ് അവസാനിക്കും മുമ്പ് പന്ത് കൊച്ചിയിലെത്തിയെങ്കിലും കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന പേരില്‍ എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ സ്ഥാപനം ഡെലിവറി നിഷേധിച്ചു. ഏറ്റുവാങ്ങാന്‍ എത്തിയപ്പോൾ കൊറിയർ കമ്പനി രേഖകള്‍ ആവശ്യപ്പെട്ടു. അതെല്ലാം നല്‍കിയപ്പോള്‍ കസ്റ്റംസ് ഡ്യൂട്ടിയായി 9902 രൂപ അടക്കണമെന്നായി. എന്നാൽ, രണ്ട് യൂറോ കസ്റ്റംസ് ഡ്യൂട്ടി പന്ത് അയച്ചുകൊടുത്ത സ്പാനിഷ് ഫുട‌്ബാള്‍ ക്ലബ് ബാഴ്സലോണ തന്നെ അടച്ചിരുന്നു. ഒടുവില്‍ ചെല്ലാനത്തുകാര്‍ ഡെലിവറി സ്ഥാപനം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കൊറിയര്‍ കമ്പനി ബാഴ്സയുമായി ബന്ധപ്പെട്ടു പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ചെല്ലാനത്തെ മെസി ആരാധക കൂട്ടം പന്ത് കൈപ്പറ്റി. അൽപം വൈകിയതിെൻറ നിരാശയിലും ഫുട്ബാൾ പ്രേമികൾ ആവേശത്തിലാണ്. ചെല്ലാനം പള്ളിയിലെ ഫാ. വിപിന്‍ മാളിയേക്കലാണ‌് മത്സരത്തില്‍ പങ്കെടുക്കാനായി കട്ടൗട്ട് സ്ഥാപിക്കുന്ന വിഡിയോ അയച്ചുകൊടുത്തത്. മത്സരത്തിനൊടുവില്‍ ബാഴ്സയുടെ ഔദ്യോഗിക സൈറ്റ് വഴിയാണ് ചെല്ലാനത്തെ ചെറുപ്പക്കാരെ വിജയിയായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.