തോരാമഴയിൽ വിറച്ച്​ അമ്പലപ്പുഴ: നിരവധി വീടുകൾ തകർന്നു

അമ്പലപ്പുഴ: തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും അമ്പലപ്പുഴയിലും സമീപസ്ഥലങ്ങളിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകിവീണ് നിരവധി വീടുകള്‍ തകര്‍ന്നു. പോസ്റ്റുകള്‍ തകര്‍ന്നുവീണും കമ്പികള്‍ പൊട്ടിയും വൈദ്യുതിബന്ധം തകരാറിലായി. വിത കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട നിരവധി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ തീരദേശ റോഡി​െൻറ ഇരുവശങ്ങളിലെ വീടുകള്‍ വെള്ളത്തിലായി. ദേവസ്വം പറമ്പില്‍ രഘുവര​െൻറ വീടി​െൻറ പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി. പറവൂര്‍ മെറ്റല്‍ഡെക്കിന് പടിഞ്ഞാറ് റോഡരികില്‍ നിന്നിരുന്ന ആര്യവേപ്പി​െൻറ ചില്ല ഒടിഞ്ഞുവീണ് വൈദ്യുതികമ്പികള്‍ പൊട്ടി. വാടക്കല്‍ വ്യവസായകേന്ദ്രത്തിലെ സ്വകാര്യ കയര്‍കമ്പനിക്ക് മുന്നിലെ കൂറ്റന്‍ തല്ലിമരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം നിലച്ചു. പറവൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം നായ്പ്പള്ളി വീട്ടില്‍ നീലാംബരന്‍, ലീല, അശോകന്‍, ശിവന്‍, ശാന്ത, കോമാട് വീട്ടില്‍ സുരേഷ്, മാപ്പിളപ്പറമ്പില്‍ ഷാജി, കുന്നിനേഴത്ത് ലതിക, കാട്ടുങ്കൽ വെളിയില്‍ വിധോഷ്, ആറാം വാര്‍ഡില്‍ പുത്തന്‍പറമ്പ് വെളിയില്‍ കവിത എന്നിവരുടെ വീടുകള്‍ മരംവീണ് തകര്‍ന്നു. കവിതക്കും മകന്‍ അരുണ്‍ലാലിനും ഓടും തടിഉപകരണങ്ങളും ദേഹത്തുവീണ് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് കമ്പിവളപ്പില്‍ അബ്ദുൽ ഖാദറി​െൻറ വീട് മരംവീണ് തകര്‍ന്നു. വെള്ളക്കെട്ടിലായ ബഷീറി​െൻറ വീട് ഇടിഞ്ഞുവീണു. സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാക്കാഴം കന്നിട്ടച്ചിറയില്‍ ലൈലാബീഗത്തി​െൻറ വീടിന് മുകളില്‍ സമീത്തുനിന്ന പുളിമരം കടപുഴകിവീണു. മേല്‍ക്കൂരയിലെ ഷീറ്റ്, ജനല്‍, അലമാര, കട്ടില്‍ എന്നിവയും തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് പുതുവല്‍ ഹാഷിറി​െൻറ വീട് വെള്ളത്തിലായി. സമീപത്തെ 50ഓളം വീടുകളില്‍ വെള്ളം കയറി. കെ.എസ്.ഇ.ബി പുന്നപ്ര സെക്ഷൻ പരിധിയില്‍ വിവിധയിടങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞു. അപകടം ഒഴിവാക്കാൻ വിവിധയിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. പുന്നപ്ര തെക്ക് കൃഷിഭവ​െൻറ കീഴിലെ 520 ഏക്കര്‍ വരുന്ന വെട്ടിക്കരിപാടം വെള്ളത്തിൽ മുങ്ങി. പുന്നപ്ര വടക്ക് കൃഷിഭവൻറ കീഴിലെ 300 ഏക്കറോളം വരുന്ന പൂന്തുരം, അമ്പലപ്പുഴ വടക്ക് കൃഷിഭവ​െൻറ കീഴില്‍വരുന്ന 450 ഏക്കറുള്ള നാലുപാടം, നീർക്കുന്നം കപ്പാംവേലി പാടശേഖരം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കൃഷിഭവ​െൻറ കീഴില്‍ വരുന്ന 252 ഏക്കറുള്ള മഠത്തില്‍പ്പാടം, പത്ത് ഏക്കറുള്ള പത്തുംപാടം, പുറക്കാട് കൃഷിഭവ​െൻറ കീഴിലെ 180 ഏക്കറുള്ള അപ്പാത്തിക്കരി എന്നീ പാടങ്ങളും വെള്ളത്തില്‍ മുങ്ങി. വിതകഴിഞ്ഞിട്ട് ഒരാഴ്ച മുതല്‍ 30 ദിവസം വരെ പിന്നിട്ട പാടങ്ങളാണിവ. കൃഷിയിറക്കാന്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയ കരിയില്‍പാടം, ഉണ്ടക്കാട്, പൊന്നാകരി തുടങ്ങിയ പാടങ്ങളും ദിവസങ്ങളായി പെയ്യുന്ന മഴയില്‍ വെള്ളത്തിലാണ്. കിഴക്കന്‍വെള്ളത്തി​െൻറ വരവും കര്‍ഷകരെ വലച്ചു. വൈദ്യുതിബന്ധം തകരാറായതിനാല്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അമ്പലപ്പുഴ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്ന്, 15 വാര്‍ഡുകളിലെ പത്തോളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. തീരത്തോട് ചേര്‍ന്ന നിരവധി വീടുകളില്‍നിന്ന് കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.