പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് കമ്മിറ്റിയും മദ്റസ പി.ടി.എ കമ്മിറ്റിയും സംയുക്തമായി ഹജ്ജ് യാത്രയയപ്പും അവാർഡ് ദാനവും നടത്തി. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ലിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം ജമാഅത്ത് കൗൺസിൽ ചേർത്തല താലൂക്ക് പ്രസിഡൻറ് പി.പി. മക്കാർ വിതരണം ചെയ്തു. സെയ്ഫുല്ല ഇർഫാനി തങ്ങൾ, മഹല്ല് ജനറൽ സെക്രട്ടറി സലീം കാരക്കാട്, മദ്റസ പി.ടി.എ പ്രസിഡൻറ് എൻ.എം. ഷിഹാബ്, സുലൈമാൻ ദാരിമി, കെ.കെ. ശറഫുദ്ദീൻ , ജുനൈദ് സൈനി, ഷാജഹാൻ പട്ടാണിവെളി, ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. പാണാവള്ളിയിൽ വീടുകളും റോഡുകളും വെള്ളത്തിൽ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പൂച്ചാക്കൽ: രണ്ടുദിവസമായി തോരാതെപെയ്യുന്ന കനത്ത മഴയിൽ ജില്ലയുടെ വടക്കൻ മേഖലകൾ വെള്ളത്തിൽ. പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പൂച്ചാക്കൽ, പെരുമ്പളം, അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിലായി. തീരദേശത്തെ വീടുകളിൽ വാൻതോതിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലാണ്. ഇതോടെ പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. പള്ളിവെളി എം.എ.എം.എൽ.പി, ഓടമ്പള്ളി ഗവ. യു.പി, തൃച്ചാറ്റുകുളം ഗവ. യു.പി, നദ്വത്തുൽ ഇസ്‌ലാം യു.പി തുടങ്ങിയ സ്കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളം കയറിയതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. വഴികളിലും വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നു. വെള്ളം കടന്നുപോകാൻ ഒരുക്കിയ സംവിധാനങ്ങൾ ചിലർ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതാണ് ദുരിതം വർധിക്കാൻ കാരണമായത്. വീടുകളുടെ മുറ്റത്തുനിന്ന് വെള്ളം കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും കയറിയനിലയിലാണ്. ഹയാത്ത് മസ്ജിദ് പരിസരത്തെ വീടുകളും വെള്ളത്തിലാണ്. വീടുകളിൽ പാചകംചെയ്യാൻപോലും സാധിക്കുന്നില്ല. റിസോർട്ടുകൾക്കുവേണ്ടി വഴികൾ അടച്ചുകെട്ടിയതോടെ അരൂക്കുറ്റി മൂന്നാം വാർഡിൽ താന്നിക്കൽ ഉമ്മറിെൻറ വീട് പൂർണമായും വെള്ളത്തിലായി. കാർഷിക വിളകളും വ്യാപകമായി നശിച്ചു. ശനിയാഴ്ച അർധരാത്രി മുതൽ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പൂച്ചാക്കലിൽ നൂറോളം വീടുകൾ വെള്ളത്തിലാണ്. കൂടാതെ, പൂച്ചാക്കൽ മാർക്കറ്റും വെള്ളം കെട്ടിനിന്ന് നടക്കാൻ പോലും സാധിക്കുന്നില്ല. പ്രധാനറോഡുകൾ എല്ലാം വെള്ളത്തിലായി. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ വാഹനാപകടവും ഉണ്ടാകുന്നു. നീർച്ചാലുകളിൽ വെള്ളംകെട്ടിനിൽക്കുന്നതുമൂലവും വെള്ളക്കെട്ട് രൂക്ഷമായി. വേമ്പനാട്ടുകായലിലേക്ക് പോകുന്ന തോടുകളിൽ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. വെള്ളം കെട്ടിനിൽക്കുന്നതുമൂലം അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. മഴ തുടർച്ചയായതോടെ തകർന്ന ഗ്രാമീണ റോഡുകളിൽ വീണ്ടും ചളി നിറഞ്ഞു. മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും മണിക്കൂറുകൾ വൈദ്യുതി മുടങ്ങുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ നിരവധി യുവാക്കൾ രക്ഷാപ്രവർത്തനവുമായി രാവിലെ മുതൽ രംഗത്തുണ്ട്. വെള്ളക്കെട്ടുകൾ പരിഹരിക്കുകയും വീടുകളിൽ ഭക്ഷണം എത്തിക്കുകയും ചെയ്തു. ഹബീബ് റഹ്മാൻ, ഹസനുൽ ബന്ന, എ.യു. മനാഫ്, ഷിയാസ് പാണാവള്ളി, ടി.എ. റഷീദ്, സനോബർ, നസീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.